കോണ്‍ഗ്രസിനെ തള്ളി ലാലു പ്രസാദ് യാദവ്
പറ്റ്ന: കോണ്‍ഗ്രസിനെ തള്ളി ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ്. ബിഹാറില്‍ സഖ്യകക്ഷിയായ കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പില്‍ ജയിക്കാനാവില്ലെന്നാണ് ലാലു പ്രസാദ് യാദവ് പറഞ്ഞിരിക്കുന്നത്. കോണ്‍ഗ്രസ് മത്സരിച്ചാല്‍ തോല്‍ക്കുമെന്ന് ഉറപ്പുള്ള സീറ്റ് എന്തിന് അവര്‍ക്ക് കൊടുക്കണമെന്ന് ലാലു പ്രസാദ് യാദവ് ചോദിച്ചു.
2020ല്‍ നടന്ന ബിഹാര്‍ തിരഞ്ഞെടുപ്പില്‍ കുശേശ്വരില്‍ നിന്ന് മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പരാജയപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് സീറ്റ് വിട്ടുനല്‍കാന്‍ ലാലുവിന്റെ പാര്‍ട്ടിയായ ആര്‍ജെഡി തയ്യാറായില്ല. ഒക്ടോബര്‍ 30ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ആര്‍ജെഡിയും ജെഡിയുവിനെതിരെ മത്സരിക്കുന്നുണ്ട്. ബീഹാര്‍ തലസ്ഥാനമായ പറ്റ്നയിലേക്ക് മടങ്ങുന്നതിനു മുമ്പായി ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ലാലു.
ബിഹാര്‍ കോണ്‍ഗ്രസിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഭക്തചരണ്‍ ദാസിനെ വിവേകശൂന്യനായ വ്യക്തിയെന്ന് വിളിച്ച ലാലു കോണ്‍ഗ്രസ് മത്സരിച്ചാല്‍ ചിലപ്പോള്‍ കെട്ടിവച്ച കാശ് പോലും തിരിച്ചു ലഭിക്കില്ലെന്ന് പറഞ്ഞു. ബിഹാറിലെ കുശേശ്വറിലും താരാപൂരിലും നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിനെ സൂചിപ്പിച്ചാണ് ലാലു പ്രസാദ് യാദവിന്റെ പരാമര്‍ശങ്ങള്‍.
ആര്‍ജെഡിയും ബിജെപിയും തമ്മില്‍ ധാരണയിലെത്തിയിട്ടുണ്ടെന്നും അതിനാല്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിലെ 40 മണ്ഡലങ്ങളിലും കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നും ഭക്തചരണ്‍ ദാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.