താമരശേരി ചുരത്തിലെ മണ്ണിടിച്ചിൽ സംഭവം; നിലവിൽ അപകട ഭീഷണി ഇല്ലെന്ന് കോഴിക്കോട് ജില്ലാ കളക്ടർ

താമരശേരി ചുരത്തിലെ മണ്ണിടിച്ചിൽ സംഭവവുമായി ബന്ധപ്പെട്ട് നിലവിൽ അപകട ഭീഷണി ഇല്ലെന്ന് കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു. ഇന്ന് കൂടുതൽ പരിശോധനകൾ നടത്തും. ഭാരം കൂടിയ വാഹനങ്ങളെ കടത്തി വിടുന്നതിനെക്കുറിച്ച് ഉച്ചയ്ക്കുശേഷം തീരുമാനമുണ്ടാകും. മഴ തുടരുന്നതിനാൽ നിലവിലുള്ള നിയന്ത്രണം തുടരേണ്ടതാണെന്ന് കളക്ടർ വ്യക്തമാക്കി.
റോഡിൽ വിള്ളലുകളുണ്ടോയെന്ന് വിദഗ്ധ പരിശോധന നടത്തുമെന്നും, മണ്ണിടിച്ചിൽ സമയത്ത് ആശയവിനിമയം നടന്നില്ലെന്ന എംഎൽഎ ടി. സിദ്ദിഖിന്റെ ആരോപണം കളക്ടർ തള്ളി. വയനാട് കളക്ടർ ആർ. മേഘശ്രീയുമായും ഡെപ്യൂട്ടി കളക്ടറുമായും കൃത്യമായ ആശയവിനിമയം നടന്നിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ ഒറ്റലൈനായി വാഹനങ്ങളെ കടത്തി വിടുകയാണ്. താമരശേരി, വയനാട് ഭാഗങ്ങളിൽ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങൾ ജാഗ്രതയോടെയും വേഗം കുറച്ചും സഞ്ചരിക്കണം. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണം എന്നും കളക്ടർ നിർദ്ദേശം നൽകി.
മഴ ശക്തമായി തുടരുന്നതിനാൽ പാറകൾ വീണ്ടും ഇടിഞ്ഞ് വീഴാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രദേശത്ത് മുഴുവൻ സമയ നിരീക്ഷണം ഏർപ്പെടുത്തും. രാത്രിയിൽ വേണ്ടത്ര ലൈറ്റിംഗ് ഉറപ്പാക്കാൻ ഫയർ ആൻഡ് റെസ്ക്യൂ വിഭാഗത്തെയും തഹസിൽദാറിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ക്രെയിനുകൾ, ആംബുലൻസ്, അടിയന്തര മെഡിക്കൽ സൗകര്യങ്ങൾ എന്നിവയും സജ്ജമായി ഒരുക്കും.
Tag: Landslide incident at Thamarassery Pass; Kozhikode District Collector says there is no danger at present