keralaKerala NewsLatest News

ഉയിരെടുത്ത ഉരുൾപൊട്ടൽ; മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന് ഒരുവർഷം, പുനരധിവാസം ഇപ്പോഴും അനിശ്ചിതത്വം

ഒരു വർഷം മുൻപ്, 2024 ജൂലൈ 30-ന് ഇരുട്ടി വെളുത്തപ്പോൾ ഒരു ​ഗ്രാമം മുഴുവൻ നിലംപരിരാകുന്നു. ജനങ്ങൾ നിരാലംബരാകുന്നു, വയനാട്ടിലെ കാർഷിക തൊഴിലാളികളുടെ ഗ്രാമമായ മുണ്ടക്കൈ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ഉരുൾപൊട്ടലാണ് നേരിട്ടത്. രാജ്യം കണ്ട ഏറ്റവും തീവ്രമായ ഈ ദുരന്തത്തിൽ 298 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. കാണാതായ 32 പേരെ ഇന്നുവരെ കണ്ടെത്താനായിട്ടില്ല.

വയനാട്ടിൽ രണ്ടുദിവസം പെയ്ത കനത്തമഴയെ തുടർന്ന് 2024 ജൂലൈ 29-ന് പുഞ്ചിരിമട്ടം, അട്ടമല, മുണ്ടക്കൈ പ്രദേശങ്ങളിലെ ജനങ്ങളെ മുൻകരുതലിന്റെ ഭാഗമായി മാറ്റിപ്പാർപ്പിച്ചിരുന്നു. എന്നാൽ, ജൂലൈ 30-ന് പുലർച്ചെ 1.40ഓടെ പ്രതീക്ഷകൾക്കും ജാ​ഗ്രതയ്ക്കുമേൽ കരിനിഴൽ വീഴാൻ അധികം സമയം എടുത്തില്ല. മുണ്ടക്കൈയിൽ വൻ ഉരുൾപൊട്ടൽ ഉണ്ടായി. പിന്നാലെ ഉണ്ടായ മലവെള്ളപ്പാച്ചിൽ പുഞ്ചിരിമട്ടവും മുണ്ടക്കൈ ഗ്രാമവും പൂർണമായി തകർത്തു.

രാവിലെ 4.10-ന് ചൂരൽമലയിൽ രണ്ടാമത്തെ ഉരുൾപൊട്ടൽ. മുണ്ടക്കൈപ്പുഴ വഴിമാറി ഒഴുകിയ വെള്ളപ്പൊക്കം പുഴയ്ക്ക് കുറുകെ ഉണ്ടായിരുന്ന പാലം തകർത്തു. വെള്ളാർമല ജിവിഎച്ച്എസ്എസ് സ്കൂളിന്റെ ഭൂരിഭാഗം മണ്ണിനടിയിലായി. ഗതാഗതം നിലച്ചതോടെ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമായി. മലവെള്ളപ്പാച്ചിലിൽ ചാലിയാർ പുഴയിലെത്തിയ മൃതദേഹങ്ങൾ കിലോമീറ്ററുകൾ ഒഴുകിനടന്നത് ദുരന്തത്തിന്റെ ഭീകരത തെളിയിച്ചു.

ഉച്ചയ്ക്ക് 12 മണിയോടെ രക്ഷാപ്രവർത്തനത്തിനിറങ്ങിയ ഇന്ത്യൻ സൈന്യം വെറും 24 മണിക്കൂറിനുള്ളിൽ ചൂരൽമലയേയും മുണ്ടക്കൈയേയും ബന്ധിപ്പിക്കുന്ന ബെയ്ലി പാലം നിർമ്മിച്ചു. സൈന്യം, ദുരന്തനിവാരണ അതോറിറ്റി, പൊലീസ്, അഗ്നിരക്ഷാസേന, യുവജനങ്ങളും സന്നദ്ധസംഘടനകളും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കി.

മേപ്പാടി സർക്കാരാശുപത്രിയിൽ മൃതദേഹങ്ങളുടെ കെട്ടഴിച്ചുനോക്കുന്ന ബന്ധുക്കളുടെ നിലവിളികൾ ഹൃദയഭേദകമായിരുന്നു. ഏകദേശം 400 കുടുംബങ്ങൾ ദുരന്തത്തിൽ ഒറ്റപ്പെട്ടു. തിരിച്ചറിഞ്ഞതും തിരിച്ചറിയാത്തതുമായ 190 പേരുടെ ശരീരഭാഗങ്ങൾ കണ്ടെത്തി. 298 പേരുടെ മരണമാണ് സർക്കാർ സ്ഥിരീകരിച്ചത്. 128 പേർക്ക് പരിക്കേറ്റു. 435 വീടുകൾ പൂർണമായും തകർന്നു.

ദുരന്തത്തിന്റെ ഒന്നാം വാർഷികത്തിൽ ദുരിതബാധിതരുടെ പുനരധിവാസമാണ് വീണ്ടും ചർച്ചാകേന്ദ്രം. ഒരുവർഷം പിന്നിട്ടിട്ടും പുനരധിവാസത്തിനായി ഒരു വീടുപോലും പൂർത്തിയാക്കാനായില്ലെന്ന വിമർശനം സർക്കാരിനെതിരെ ഉയരുന്നു. എന്നാൽ നിയമപോരാട്ടങ്ങൾക്കൊടുവിൽ സർക്കാർ ഏറ്റെടുത്ത എൽസ്റ്റൺ എസ്റ്റേറ്റിൽ ടൗൺഷിപ്പ് നിർമാണം ആരംഭിച്ചിരിക്കുകയാണെന്നും, പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും സർക്കാർ ഉറപ്പുനൽകുന്നു.

മാർച്ച് 27-നാണ് ടൗൺഷിപ്പിന്റെ ശിലാസ്ഥാപനം നടന്നത്. മാതൃകാഭവനം ഇതിനകം പൂർത്തിയായിട്ടുണ്ട്. ഏഴ് സെന്റ് വീതമുള്ള പ്ലോട്ടുകളിൽ 1000 ചതുരശ്ര അടിയിൽ ക്ലസ്റ്ററുകളായി വീടുകൾ നിർമ്മിക്കപ്പെടും. രണ്ട് ബെഡ്‌റൂമുകൾ, പ്രധാന മുറി, സിറ്റൗട്ട്, ലിവിംഗ് റൂം, പഠനമുറി, ഡൈനിംഗ് ഹാൾ, അടുക്കള, സ്റ്റോർ ഏരിയ, ശുചിമുറി എന്നിവ വീടുകളിലുണ്ടാകും. ഒറ്റനിലയിൽ പണിയുന്ന വീടുകൾ ഭാവിയിൽ ഇരുനിലയാക്കാൻ കഴിയുന്ന അടിത്തറയോടെയായിരിക്കും. പ്രകൃതിദുരന്തങ്ങളെ ചെറുക്കാൻ കഴിയുന്ന സംവിധാനങ്ങളും വീടുകളിൽ ഉൾപ്പെടുത്തും.

ടൗൺഷിപ്പിൽ ആരോഗ്യകേന്ദ്രം, ആധുനിക അങ്കണവാടി, പൊതുമാർക്കറ്റ്, കമ്മ്യൂണിറ്റി സെന്റർ, മൾട്ടി പർപ്പസ് ഹാൾ, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും. ആരോഗ്യകേന്ദ്രത്തിൽ ലബോറട്ടറി, ഫാർമസി, പരിശോധന-വാക്സിനേഷൻ-ഒബ്സർവേഷൻ മുറികൾ, മൈനർ ഓപ്പറേഷൻ തിയേറ്റർ, ഒപി ടിക്കറ്റ് കൗണ്ടർ എന്നിവയും ഉണ്ടായിരിക്കും. ടൗൺഷിപ്പിലേക്ക് മാറാൻ ആഗ്രഹിക്കാത്ത കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം നൽകുമെന്നും സർക്കാർ വ്യക്തമാക്കുന്നു.

ഇതിനിടെ, മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ കേന്ദ്രസർക്കാരിന്റെ സമീപനത്തിനെതിരെ വിമർശനം തുടരുന്നു. വയനാടിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം കേന്ദ്രം പരിഗണിച്ചില്ല. വായ്പാ സഹായം മാത്രമാണ് അനുവദിച്ചത്. ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളുന്നതിലും കേന്ദ്രം നിഷേധാത്മക നിലപാട് സ്വീകരിച്ചുവെന്നാരോപിച്ചും വിമർശനം ഉയരുന്നുണ്ട്.

Tag: Landslide resurfaces; One year on from the Mundakai-Churalmala disaster, rehabilitation still uncertain

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button