ആനുകൂല്യങ്ങൾ ലഭിക്കാതെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ദുരിതത്തിൽ: രോക്ഷാകുലനായി കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: ന്യൂനപക്ഷ അനുപാതം റദ്ദ് ചെയ്തുകൊണ്ടുള്ള ഹൈക്കോടതി വിധി കാരണം നിരവധി വിദ്യാർത്ഥികൾ ദുരിതത്തിലാണെന്നു പി.കെ കുഞ്ഞാലിക്കുട്ടി. ന്യൂനപക്ഷ സ്കോളർഷിപ്പ് ഉടൻ പുനഃസ്ഥാപിക്കണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. കോടതി വിധി കാരണം ആനുകൂല്യങ്ങൾ ലഭിക്കാതെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ദുരിതത്തിലാണെന്നും പി കെ കുഞ്ഞാലികുട്ടി ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ സ്കോളർഷിപ്പ് അടിയന്തരമായി പുനസ്ഥാപിക്കണമെന്ന ആവശ്യമാണ് മുസ്ലീം ലീഗ് ഉന്നയിക്കുന്നത്. ന്യൂനപക്ഷ സ്കോളർഷിപ്പ് അനുപാതം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിൽ തുടർ നടപടികൾക്കായി വിദഗ്ധ സമിതിയെ നിയമിക്കുക എന്നത് അപ്രായോഗികമായ കാര്യമാണെന്നും ഇതിനെ അംഗീകരിക്കാനാവില്ലെന്നും മുസ്ലീം ലീഗ് വ്യക്തമാക്കി.
‘സച്ചാർ കമ്മീഷൻ റിപ്പോർട്ട് പൂർണമായും നടപ്പാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണം. കോടതി വിധിയോടെ പാലോളി കമ്മീഷൻ റിപ്പോർട്ട് അസാധുവായി. മറ്റ് വിഭാഗങ്ങളിലെ അർഹരായ പിന്നോക്കാകാർക്ക് ആനുകൂല്യങ്ങൾ നൽകുന്നതിന് മുസ്ലീം ലീഗ് എതിരല്ല. എന്നാൽ അതിനെ സച്ചാർ കമ്മീഷനുമായി കൂട്ടിക്കുഴക്കേണ്ടതില്ല. ന്യൂനപക്ഷ സ്കോളർഷിപ്പ് പുനസ്ഥാപിക്കാൻ സർക്കാർ തയ്യാറാവണം. ഇക്കാര്യം ചർച്ച ചെയ്യാൻ വിളിച്ച സർവ്വകക്ഷി യോഗത്തിൽ സർക്കാർ തീരുമാനം എടുത്തിട്ടില്ല. ഇക്കാര്യം നീട്ടിക്കൊണ്ടു പോകുന്നതിൽ വലിയ ആശങ്കയുണ്ട്’- കുഞ്ഞാലിക്കുട്ടി പറഞ്ഞു.