നവോത്ഥായകന്റെ പേര് ശൗചാലയത്തിനിടാനുള്ളതല്ല; മറുപടിയുമായി തദ്ദേശവകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴില്‍ നടപ്പിലാക്കി വരുന്ന ടേക് എ ബ്രേക്ക് പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി തദ്ദേശ സ്വയംഭരണ മന്ത്രിയുടെ ഓഫീസ്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴില്‍ നടപ്പിലാക്കി വരുന്ന പാതയോര വിശ്രമ കേന്ദ്രങ്ങള്‍ക്ക് ടേക് എ ബ്രേക്ക് എന്ന പേരിനു പകരം നവോത്ഥാന നായകനായ അയ്യങ്കാളിയുടെ പേര് നല്‍കി എന്ന ആരോപണം ഉയരുന്നു.
അത്തരത്തിലുള്ള തെറ്റിദ്ധാരണയ്‌ക്കെതിരയാണ് മന്ത്രിയുടെ ഓഫീസ് വിശദീകരണവുമായി മുന്നോട്ട് വന്നത്.
”സാധാരണ നിലയില്‍ ഇത്തരം കേന്ദ്രങ്ങളുടെ പരിപാലനത്തിന് കരാറുകാരെ ഏര്‍പ്പിക്കാറാണ് പതിവ്. അതില്‍ നിന്നും വ്യത്യസ്തമായി അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലുള്ള തൊഴിലാളികള്‍ക്ക് പരിപാലന ചുമതല നല്‍കുന്ന രീതിയില്‍ മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി പ്രസ്താവിച്ചിരുന്നു.
കോവിഡിന്റെ പശ്ചാത്തലത്തില്‍ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയും വഴി പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് ആശ്വാസമേകാന്‍ കൂടുതല്‍ തൊഴില്‍ മേഖലകള്‍ ഉള്‍പ്പെടുത്തുമ്പോഴാണ് പച്ചക്കള്ളം പ്രചരിപ്പിച്ച് സര്‍ക്കാരിന്റെ ജനപക്ഷ മനോഭാവത്തെ ഇകഴ്ത്തികാണിക്കാന്‍ ചില ദുഷ്‌കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത്.
മന്ത്രിയുടെ ഓഫീസ് ഇത്തരം നുണ പ്രചരണങ്ങള്‍ക്കെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ടുപോവുകയാണ്. ഈ വിഷയത്തില്‍ ഡി ജി പിയ്ക്ക് നല്‍കിയ പരാതിയില്‍ പോലീസ് സൈബര്‍സെല്‍ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു”.എന്നാണ് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയത്. നവോത്ഥായകന്റെ പേര് ശൗചാലയത്തിനിടാനുള്ളതല്ല എന്ന് ആരോപിച്ച് സര്‍ക്കാരിനെതിരെ ചില സംഘടനകള്‍ മുന്നോട്ട് വന്ന പശ്ചാത്തലത്തിലാണ് വകുപ്പിന്റെ ഈ വിശദീകരണം.