അതിജീവനത്തിന്റെ പ്രതീക്ഷയില്‍ ഇന്ന് അത്തം
അതിജീവനത്തിന്റെ പ്രതീക്ഷയിലാണ് നാം ഒരോന്നാളും ഉണരുന്നത്. മഹാമാരിയെ അതിജീവിക്കുമെന്ന പ്രതീക്ഷയില്‍ ഓണവും ഇങ്ങെത്തി. മാനത്ത് കര്‍ക്കടക കാറ് തെളിഞ്ഞു നില്‍ക്കുമ്പോഴും അതിജീവനത്തിന്റെ പുതുനാമ്പ് മൊട്ടിടുമെന്ന വിശ്വാസത്തില്‍ ഇന്ന് അത്തം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് എല്ലാവരും. വീടുകള്‍ക്കു മുന്നില്‍ ഇന്ന് അത്ത പൂക്കളമൊരുങ്ങും. കോവിഡ് ജാഗ്രതയിലെ രണ്ടാമത്തെ ഓണത്തെ ഇന്ന് വരവേല്‍ക്കുകയാണ്.
എന്നാല്‍ പതിവിലും വിപരീതമായി ഇത്തവണത്തെ ഓണത്തിനും പ്രത്യേകതകള്‍ ഏറെയാണ്. കര്‍ക്കടകത്തില്‍ തന്നെ ചിങ്ങ ഓണ നാളുകളെ വരവേല്‍ക്കാനൊരുങ്ങുന്ന എന്ന പ്രത്യേകതയും ഇന്നുണ്ട്. തിരുവോണമുള്‍പ്പെടെ പത്ത് നാള്‍. പഴമയിലാണെങ്കില്‍ അത്തംത്തൊട്ട് പത്താം നാള്‍ തിരുവോണം എന്നാല്‍ ഇക്കുറി ഈ 10 നാളുകളെ കര്‍ക്കടകവും ചിങ്ങവും പകുത്തെടുക്കുകയാണ്. കര്‍ക്കിടകം അവസാനിക്കുന്നതിന് മുന്നേ ഇന്ന് അത്ത നാളിന്റെ ആരംഭമാണ്. ഇക്കുറി 12, 13 തീയതികളിലായി അത്തം നക്ഷത്രം കടന്നുപോകുന്നു.
അതിനാല്‍ ഉത്രം നക്ഷത്രം വ്യാഴാഴ്ച രാവിലെ 8.54 വരെ മാത്രമാണുള്ളത്.പിന്നീട് ഇന്ന് 8.54 മുതല്‍ നാളെ വെള്ളിയാഴ്ച രാവിലെ 8.01 വരെ അത്തം നക്ഷത്രമാണ്. അത്തം ഇന്നാണെങ്കിലും ഇനിയും അഞ്ചു നാള്‍ കഴിഞ്ഞ് 17നാണ് സമ്പല്‍ സമൃദ്ധിയുടെ ചിങ്ങനാള്‍ പിറക്കൂ. പ്രതീക്ഷകള്‍ നല്‍കി പത്താം നാള്‍ 21-ാം തീയ്യതി തിരുവോണവും എത്തും. മഹാമാരി കവര്‍ന്നെടുത്ത ഓണനാളുകള്‍ക്ക് മുന്‍പ് കേരളക്കര തിരുവോണത്തെയും അത്തത്തെയും വരവേറ്റത് ആഘോഷരാവുകളായാണ്. പുത്തനുടുപ്പുകളും പൂപ്പൊലിമയും ഉത്സവാന്തരീക്ഷവും സദ്യവട്ടങ്ങളും ഒക്കെ നിറയുന്ന ഓണക്കാലം.
ഓണാഘോഷം നടത്തുന്ന പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം അത്തച്ചമയം ആഘോഷത്തിന്റെതായിരുന്നു. പ്രത്യേകിച്ച് ഓണാഘോഷങ്ങള്‍ക്ക് തുടക്കമിടുന്ന തൃപ്പൂണിത്തുറ ക്ഷേത്രത്തില്‍. അത്തം ഘോഷയാത്രയായിരുന്നു നടത്തിയിരുന്നത്. ആഘോഷവും സന്തോഷവും നിറയുന്ന രാജവീഥികള്‍. കൊട്ടും പാട്ടും മേളവുമായി ഓണത്തെ വരവേല്‍ക്കുന്നു. തൃപ്പൂണിത്തുറ അത്തച്ചമയത്തോടെയാണ് മലയാളിയുടെ ഓണാഘോഷങ്ങള്‍ തന്നെ തുടങ്ങിയിരുന്നത്. എന്നാല്‍ മഹാവിപത്തിനെതിരെയുള്ള ജാഗ്രതയില്‍ കഴിഞ്ഞ വര്‍ഷത്തേതിന്റെ തനിയാവര്‍ത്തനമെന്നപോലെ ആഘോഷവും ആരവവും ഇല്ലാതെ ചടങ്ങുകളിലൊതുങ്ങുകയാണ് അത്തച്ചമയം.
എങ്കിലും ആചാരമായി അത്തം നഗറില്‍ ഉയര്‍ത്താനുളള പതാക രാജകുടുംബത്തിന്റെ പ്രതിനിധിയായ നിര്‍മല തമ്പുരാനില്‍ നിന്ന് തൃപ്പൂണിത്തുറ നഗരസഭാധ്യക്ഷ ഏറ്റുവാങ്ങി അത്തത്തെ വരവേറ്റു. ഓണത്തെ വരവേല്‍ക്കാന്‍ അത്ത പതാക ഇന്ന് രാവിലെ പത്തിന് തൃപ്പൂണിത്തുറ ബോയ്സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ മന്ത്രി പി രാജീവ് ഉയര്‍ത്തും. കോവിഡ് കാലമായതിനാല്‍ കഥംകളി, ഓട്ടം തുളളല്‍ അടക്കമുളള മത്സരങ്ങളെല്ലാം ഓണ്‍ലൈനായി നടത്താനും തീരുമാനിച്ചിട്ടുണ്ട്. അത്തത്തെ വരവേറ്റ് പത്താം നാളില്‍ സമൃദ്ധിയുടെ ഓണനാള്‍ കടന്നു വരുമ്പോള്‍ കേരളക്കര പ്രതീക്ഷ കൈവിടാതെ കാത്തിരിക്കും ഓണത്തപ്പനോടൊപ്പം കോവിഡിനെ അതിജീവിച്ചുയരുന്ന ജനതയെയും.