”മൗലികാവകാശങ്ങള്‍ക്കെതിരായ കടന്നുകയറ്റമാണ്”; കന്യാസ്ത്രീകളുടെ അറസ്റ്റിനെതിരെ പ്രതികരണവുമായി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍

ഛത്തീസ്ഗഢില്‍ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിനെതിരെ പ്രതികരണവുമായി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. രാജ്യത്തിന്റെ ബഹുസ്വരതയും മതേതരത്വവും സഹവര്‍ത്തിത്വവും കളങ്കപ്പെടുത്തുന്ന വാര്‍ത്തകള്‍ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തുടർച്ചയായി വരുന്നുവെന്നത് ആശങ്കാജനകമാണെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ട്രെയിന്‍ യാത്രയ്ക്കിടെ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് കന്യാസ്ത്രീകള്‍ ആള്‍ക്കൂട്ട വിചാരണക്കും അക്രമത്തിനും ഇരയായ സംഭവം ഇതിന് ഏറ്റവും പുതിയ ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭരണപരമായ സൗകര്യങ്ങള്‍ക്കതീതമായി സംസ്ഥാന അതിര്‍ത്തികള്‍ പഠനത്തിനും തൊഴിലും യാത്രക്കും തടസ്സമാവുന്ന സാഹചര്യം ഉണ്ടാകരുതെന്ന് കാന്തപുരം മുന്നറിയിപ്പ് നല്‍കി. ഉത്തരേന്ത്യയില്‍ നിന്ന് കേരളത്തിലെ യതീംഖാനകളിലേക്ക് പഠിക്കാനെത്തിയ വിദ്യാർത്ഥികളെ മനുഷ്യക്കടത്ത് ആരോപിച്ച് സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയും പഠനം നിഷേധിക്കുകയും ചെയ്ത സംഭവവും അദ്ദേഹം ഓര്‍മിപ്പിച്ചു.
ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന നിയമവിരുദ്ധ ആള്‍ക്കൂട്ട അതിക്രമങ്ങള്‍ രാജ്യത്തിന്റെ പാരമ്പര്യത്തെയും ഐക്യത്തെയും സാഹോദര്യത്തെയും കളങ്കപ്പെടുത്തുന്നതാണെന്നും, ഇത്തരം സംഭവങ്ങള്‍ ഇന്ത്യയുടെ ആഗോള പ്രതിച്ഛായയെ പോലും ബാധിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.
ജീവിക്കാനും മതസ്വാതന്ത്ര്യത്തിനും താമസിക്കാനും സഞ്ചരിക്കാനും ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങള്‍ക്കെതിരായ കടന്നുകയറ്റമാണ് ഇത്തരം സംഭവങ്ങളെന്ന് കാന്തപുരം വ്യക്തമാക്കി.
ബീഹാറില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ പേരില്‍ ജനങ്ങളുടെ പൗരത്വം സംശയത്തിനിടയാക്കുന്നതും, അസമില്‍ സാധാരണക്കാരെ പുറത്താക്കാനുള്ള നീക്കങ്ങളും രാജ്യത്തിന്റെ ജനാധിപത്യ-മതേതര സ്വഭാവത്തിനെതിരായ ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമവിരുദ്ധമായി ന്യൂനപക്ഷങ്ങളെ കുടിയൊഴിപ്പിക്കുകയും അവകാശങ്ങള്‍ ഹനിക്കുകയും ചെയ്യുന്ന പ്രവണതകള്‍ ഒരിക്കലും നീതീകരിക്കാനാവില്ലെന്ന് കാന്തപുരം വ്യക്തമാക്കി. വിദ്വേഷവും വെറുപ്പും പരത്തുന്ന പ്രവണതക്കെതിരെ പൗര സമൂഹം, ഭരണകൂടം, നീതിന്യായ സംവിധാനം ഒന്നിച്ചു രംഗത്തെത്തണമെന്നും, രാജ്യത്തിന്റെ വൈവിധ്യവും അഖണ്ഡതയും സംരക്ഷിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tag:’It is an invasion of fundamental rights”; Kanthapuram A.P. Aboobacker Musliyar reacts to the arrest of nuns