ലോക്ക് ഡൗണിൽ പുരുഷൻമാർക്കെതിരെ പീഡനം വർധിച്ചു.

ന്യൂഡൽഹി / ലോക്ക് ഡൗൺ കാലത്ത് പുരുഷൻമാർക്കെതിരെയും പീഡനം വർധിച്ചു. ലോക്ക്ഡൗണിൽ ഭൂട്ടാനിൽ പുരുഷൻമാർക്കെതിരെയുള്ള 36 ഗാർഹിക പീഡനക്കേസുകൾ രജിസ്റ്റർ ചെയ്തതായിട്ടുള്ള റിപ്പോർട്ടുകൾ ആണ് പുറത്ത് വന്നിരിക്കുന്നത്. ശാരീരികവും വൈകാരികവും സാമ്പത്തികവുമായ പീഡനങ്ങളാണ് പുരുഷന്മാർക്കെതിരെ ഉണ്ടായിരിക്കുന്നത്. ചിലർ നിയമ സഹായം തേടി.
രണ്ടാമത് ലോക്ക്ഡൗണിലാണ് പുരുഷന്മാർക്കെതിരെയുള്ള ഗാർഹിക പീഡനക്കേസുകൾ കൂടുതലായി രജിസ്റ്റർ ചെയ്തെന്ന് ദേശീയ വനിത ശിശു കമ്മീഷനും, എൻ.ജി.ഒ സംഘടനയായ റിന്യൂവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുരുഷന്മാർക്കെതിരെ 16 കേസുകളാണ് റിന്യൂ രജിസ്റ്റർ ചെയ്തത്. ബാക്കി കേസുകൾ ദേശീയ വനിത ശിശു കമ്മീഷൻ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പീഡനത്തിനിരകളാവുന്ന മിക്ക പുരുഷരും നാണക്കേട് ഭയന്ന് നിയമപരമായി നീങ്ങാൻ മുന്നോട്ടുവരുന്നില്ലെന്നാണ് റിന്യൂ എന്ന സംഘടന പറയുന്നത്. സ്ത്രീകൾ കൂടുതൽ പീഡനത്തിന് ഇരകളാകുന്നതിനാൽ നിയമ സംവിധാനങ്ങൾ അവരിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുരുഷന്മാർ ആക്രമണത്തിനിരയാകുന്ന സംഭവങ്ങളിൽ അവർക്ക് സംഘടന സേവനം നൽകുന്നുണ്ട്. ഒരു സംഭവത്തിൽ ഗാർഹിക പീഡനത്തിന് ഭാര്യ ഭർത്താവിനെതിരെ കേസ് കൊടുത്തു. എന്നാൽ അന്വേഷണത്തിൽ പുരുഷനാണ് ആക്രമണത്തിനിരയായതെന്ന് പിന്നീട് തെളിയുകയുണ്ടായി.
പീഡനത്തിനിരകളാവുന്ന പുരുഷ പരാതിക്കാർക്ക് മുന്നോട്ടുവരാനുള്ള ധൈര്യം നൽകുമെന്നും റിന്യൂ പറയുന്നു. ഗാർഹിക പീഡനത്തിനുള്ള പ്രധാനകാരണം മദ്യമാണെന്നും അധികൃതർ വ്യക്തമാക്കിയിരിക്കുന്നു.