മുഹൂർത്ത സമയത്ത് വരനും വധുവും ഒരുമിച്ച് ‘മുങ്ങി’ ; 60 അടി താഴ്ചയിലേക്ക്; വിവാഹത്തിന് സാഗരം സാക്ഷിയായി

ചെന്നൈ: മുഹൂർത്ത സമയത്ത് വരനും വധുവും ഒരുമിച്ച് ‘മുങ്ങിയാലോ’! അതും 60 അടി താഴ്ചയിലേക്കാണ് ഇരുവരും മുങ്ങിയത്. ചെന്നൈയിലാണ് വിവാഹം വേറിട്ടതാക്കാൻ വധുവും വരനും കടലിനടിയിലേക്ക് മുങ്ങിയത്. നീലൻകരൈ തീരത്താണ് തിരുവണ്ണാമലൈ സ്വദേശിയും സോഫ്റ്റ്വേര്‍ എഞ്ചിനീയറും അംഗീകൃത സ്കൂബാ ഡൈവറുമായ ചിന്നദുരൈയും കോയമ്പത്തൂറുകാരിയും എഞ്ചിനീയറും സ്കൂബ ഡൈവിംഗ് പരിശീലനം നേടുന്നതുമായ ശ്വേതയുമാണ് കടലിനടിയിൽ വെച്ച് വിവാഹിതരായത്.
കടലിൽ മാലിന്യങ്ങൾ കുന്നുകൂടുന്നതിന് എതിരെയുള്ള ബോധവത്കരണവും ഇവർ ലക്ഷ്യമിട്ടിരുന്നു. 60 അടി താഴ്ചയിലാണ് ഇവർക്കായി കതിർ മണ്ഡപമൊരുങ്ങിയത്. പൂക്കളും വാഴയും തെങ്ങോലയും ഉപയോഗിച്ചുള്ള മണ്ഡപത്തിൽ ഇരുവരും പരസ്പരം വരണമാല്യം ചാർത്തി.
പരമ്പരാഗത വേഷം ധരിച്ചാണ് ഇരുവരും സ്കൂബ ഉപകരണങ്ങളുമായി കടലിലേക്ക് ചാടിയത്. ചിന്നദുരൈ മുണ്ടും ഷർട്ടും ശ്വേത സാരിയും ധരിച്ചു. ഇരുവരും സ്കൂബ ഡൈവിങിൽ പരിശീലനവും നേടിയിരുന്നു. 45 മിനിറ്റ് വെള്ളത്തിനടിയിൽ കഴിയാനുള്ള സംവിധാനങ്ങളാണ് ഇവർക്കായി ഒരുക്കിയിരുന്നത്. മീനുകളും മറ്റ് കടൽജീവികളും സാക്ഷിയായുള്ള വിവാഹം അവിസ്മരണീയമായിരുന്നെന്ന് ചിന്നദുരൈ പറഞ്ഞു.
വരന് ലൈസന്‍സോട് കൂടിയ സ്കൂബ ഡൈവര്‍ ആണെങ്കിലും വധു ഒരു മാസം മുമ്പ് മാത്രം പരിശീലനം നേടിയയാളാണ്. വിവാഹ ദിവസത്തിന് വേണ്ടി മാത്രമാണ് പരിശീലനം നേടിയതെന്ന് ശ്വേത പറയുന്നു. കടൽജീവികൾക്കിടയിൽ വെള്ളത്തിനടിയിൽ വിവാഹം കഴിക്കുന്നത് വ്യത്യസ്തമായൊരു അനുഭവമാണെന്ന് ചിന്നദുരൈ പറഞ്ഞു.