Kerala NewsLatest News

കോവിഡ് സാമ്പിളുകളില്‍ ഇനി എച്ച്1 എന്‍1 പരിശോധനയും

തിരുവനന്തപുരം: കോവിഡ് നെഗറ്റിവ് സാമ്പിളുകളില്‍ ഇനി എച്ച്1 എന്‍1 പരിശോധനയും നടത്തും. കോവിഡ് പരിശോധനകള്‍ക്കായി ശേഖരിക്കുന്ന സാമ്പിളുകളില്‍ എച്ച്-1 എന്‍-1 പരിശോധനകൂടി നടത്താനാണ് തീരുമാനമായത്. കോവിഡ് പരിശോധനയില്‍ നെഗറ്റിവാകുന്ന സാമ്പിളുകളാണ് ഇതിനായി എടുക്കുക.
പ്രതിദിനം നടക്കുന്ന ലക്ഷത്തോളം പരിശോധനയില്‍ ഒരു ശതമാനം സാമ്പിളുകളില്‍ എച്ച്1 എന്‍1 ടെസ്റ്റ് നടത്തിയാല്‍ തന്നെ വൈറസ് സാന്നിധ്യം മനസ്സിലാക്കാന്‍ ധാരാളമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.

കോവിഡിനെ തുടര്‍ന്ന് എച്ച്-1 എന്‍-1 പ്രതിരോധത്തിന് പ്രാധാന്യം കുറയുകയും ഇതിനായി നടത്തുന്ന പരിശോധനകളുടെ എണ്ണം കുറയുന്നതും കണക്കിലെടുത്താണ് തീരുമാനം. വൈറസ് സാന്നിധ്യം സമൂഹത്തില്‍ എത്രത്തോളമുണ്ടെന്ന് കണ്ടെത്തലാണ് ഈ പരിശോധനയുടെ ലക്ഷ്യം. 14 ജില്ലയിലും തെരഞ്ഞെടുത്ത സാമ്പിളുകള്‍ പരിശോധിക്കും.

കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്താവുന്ന ലാബുകളിലെല്ലാം എച്ച്-1 എന്‍-1 ഉം ടെസ്റ്റ് ചെയ്യാവുന്നതാണ്. അതേസമയം കോവിഡുമായി ബന്ധപ്പെട്ട് ലാബുകളുടെ അമിതഭാരം കണക്കിലെടുത്ത് സംസ്ഥാനത്തെ ചുരുങ്ങിയ ലാബുകളിലായി പരിശോധന പരിമിതപ്പെടുത്തും. ബ്ലോക്ക് അടിസ്ഥാനത്തിലാണ് സാമ്പിളുകള്‍ പരിഗണിക്കുക. പനിയും ചുമയുമടക്കം സമാനമായ ലക്ഷണങ്ങളാണ് കോവിഡിനും എച്ച്-1 എന്‍-1 നും.

ആര്‍.എന്‍.എ വൈറസുകളുടെ ഗണത്തില്‍പ്പെടുന്ന ഇന്‍ഫ്‌ലുവന്‍സ വൈറസ് എച്ച് 1 എന്‍1 രോഗിയില്‍ നിന്ന് രണ്ടുമുതല്‍ ഏഴുദിവസം വരെ ഇതു പകര്‍ന്നേക്കാം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും സ്രവങ്ങള്‍ വായുവിലൂടെയാണ് മറ്റുള്ളവരിലേക്ക് പകരുന്നത്. സാധാരണയിലും കൂടുതലായി പനി, വരണ്ട ചുമ, മൂക്കൊലിപ്പ്, ജലദോഷം, തൊണ്ടവേദന, വിറയല്‍ എന്നിവയാണ് ലക്ഷണങ്ങള്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button