സ്വപ്നയ്ക്കൊപ്പം മുൾമുനയിൽ 9 മണിക്കൂർ എൻ ഐ എ ശിവശങ്കറിനെ ചോദ്യം ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ എൻഐഎ ഒൻപത് മണിക്കൂർ നേരം ചോദ്യം ചെയ്ത ശേഷം മടങ്ങാൻ അനുവദിച്ചു. ഇത് മൂന്നാം തവണയാണ് എൻഐഎ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. ഒൻപത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ രാത്രി 8.15ഓടെയാണ് അവസാനിക്കുകയായിരുന്നു. ചോദ്യം ചെയ്യലിന് ശേഷം കൊച്ചി എൻഐഎ ഓഫിസിൽ നിന്നും ശിവശങ്കർ മടങ്ങി.അതേസമയം, നേരത്തെ മൂന്നു ദിവസങ്ങളിലായി രണ്ടു തവണ ചോദ്യം ചെയ്തിട്ടും ക്ലീൻ ചിറ്റ് നൽകാതിരുന്ന എം. ശിവശങ്കറിനെ കേസിൽ പ്രതി ചേർക്കണോ വേണ്ടയോ എന്ന കാര്യം ഈ ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിൽ ആണ് തീരുമാനിക്കുക.
സ്വർണക്കടത്ത് കേസ് രണ്ടാം പ്രതി സ്വപ്ന സുരേഷിനെ ഒപ്പമിരുത്തിയാണ് എൻഐഎ ശിവശങ്കറിനെ ചോദ്യം ചെയ്തത്. രാജ്യത്തിൻറെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു സംസ്ഥാന മുഖ്യ മന്ത്രിയുടെ പേർസണൽ സെക്രട്ടറി ആയിരുന്ന ഒരു ഐ എ എസ് ഉദ്യോഗസ്ഥനെ രാജ്യ സുരക്ഷയെ പോലും ചോദ്യം ചെയ്യും വിധം സ്വർണ്ണക്കടത്ത് നടത്തിയ കേസിലെ രണ്ടാം പ്രതിയോടൊപ്പം ഇരുത്തി എൻ ഐ എ ചോദ്യം ചെയ്യുന്നത്. അന്വേഷണ സംഘം ആവശ്യപ്പെട്ടതനുസരിച്ച് രാവിലെ 11 മണിക്കാണ് ശിവശങ്കർ എൻഐഎയുടെ കടവന്ത്ര ഗിരിനഗറിലുള്ള ഓഫിസിലെത്തുന്നത്. തൊട്ടു പിറകെ സ്വപ്ന സുരേഷിനെയും അന്വേഷണ സംഘം ചോദ്യം ചെയ്യലിനായി ഓഫിസിൽ കൊണ്ടുവരികയായിരുന്നു.
സ്വപ്‌നയുമായി നടത്തിയ പണമിടപാടുകള്‍ സംബന്ധിച്ച് എന്‍ഐഎയ്ക്ക് മുമ്പാകെ നല്‍കിയ മൊഴിയില്‍ പൊരുത്തക്കേടുകള്‍ ഉള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. ശിവശങ്കര്‍ സ്വപ്‌നയ്ക്ക് അയച്ച സന്ദേശങ്ങള്‍ ഉള്‍പ്പടെ ഡിലീറ്റ് ചെയ്തതായി എൻ ഐ എ നേരത്തെ കണ്ടെത്തിയിരുന്നു. ഇത് നേരത്തെ തന്നെ എൻ ഐ എ ഉദ്യോഗസ്ഥരിൽ സംശയം ജനിപ്പിച്ചിരുന്നു. സ്വപ്‌നയുടെ ഫോണില്‍ നിന്നും ശിവശങ്കറുമായി നടത്തിയ ഫോണ്‍കോള്‍ വിവരങ്ങളും സന്ദേശങ്ങളും, അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ എന്‍ഐഎ സംഘത്തിന് ലഭിച്ച ശേഷമായിരുന്നു ചോദ്യം ചെയ്യൽ നടപടി ഉണ്ടായത്. ശിവശങ്കറിനെ കൊച്ചി എന്‍ഐഎ ഓഫീസില്‍ 9 മണിക്കൂറാണ് ചോദ്യം ചെയ്തത്.
നിലവില്‍ സ്വപ്ന സുരേഷും കേസിലെ മറ്റുപ്രതികളുമായി ശിവശങ്കറിനുള്ള ബന്ധമാണ് എന്‍ഐഎ തേടിയത്. കള്ളക്കടത്ത് സംഘത്തിന് ഏതെങ്കിലും തരത്തിലുള്ള സഹായം ശിവശങ്കര്‍ ചെയ്തു കൊടുത്തിട്ടുണ്ടോ എന്നും അന്വേഷണ സംഘം ചോദിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ സ്വപ്ന സുരേഷുമായി വ്യക്തിപരമായ ബന്ധം മാത്രമാണ് ഉള്ളതെന്നാണ് ശിവശങ്കര്‍ ഇപ്പോഴും ആവർത്തിച്ചിരിക്കുന്നത്. എന്നാല്‍ ഡിജിറ്റല്‍ തെളിവുകളില്‍ നിന്ന് മൊഴികൾക്കു വിരുദ്ധമായ കാര്യങ്ങള്‍ ഇപ്പോഴും നിലനിൽക്കുകയാണ്.