‘വോട്ട് വിറ്റ പണം പോയത് എകെജി സെന്ററിലേക്കോ ധര്‍മ്മടത്തേക്കോ?’; മുഖ്യമന്ത്രിയുടെ വോട്ട്കച്ചവടം ആരോപണം തളളി ബിജെപി
കോഴിക്കോട്: സംസ്ഥാനത്ത് വിവിധ മണ്ഡലങ്ങളില്‍ ബിജെപി വോട്ടുകച്ചവടം നടത്തിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം നിഷേധിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. 2016 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിക്ക് വോട്ട് കുറഞ്ഞു. പാര്‍ട്ടിക്ക് സംഭവിച്ച തോല്‍വിയുടെ പ്രാഥമിക ഉത്തരവാദിത്വം സംസ്ഥാന അദ്ധ്യക്ഷനായ തനിക്കാണെന്നും തോല്‍വിയെ സംബന്ധിച്ചുളള കാര്യങ്ങള്‍ കേന്ദ്ര ഘടകത്തെ അറിയിച്ചിട്ടുണ്ടെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
ബിജെപിയ്ക്ക് വോട്ട് കുറഞ്ഞു എന്നഭിപ്രായപ്പെടുന്ന ഇടത് മുന്നണിയ്ക്ക് 2016 തിരഞ്ഞെടുപ്പിനെക്കാള്‍ 8 ശതമാനം വോട്ട് 2019ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ കുറഞ്ഞു. ഈ വോട്ട് സിപിഎം വിറ്റോയെന്നും അതിന്റെ പണം എകെജി സെന്ററിലേക്കോ അതോ ധര്‍മ്മടത്തേക്കാണോ പോയതെന്നും കെ.സുരേന്ദ്രന് പരിഹസിച്ചു. തൃപ്പൂണിത്തുറ, കുണ്ടറ, പാലക്കാട് എന്നീ മണ്ഡലങ്ങളില്‍ ഇത്തവണ ഇടത് മുന്നണിക്ക് വോട്ട് കുറഞ്ഞുവെന്നും സുരേന്ദ്രന് ചൂണ്ടിക്കാട്ടി.