ഇന്ത്യയെ ഞെട്ടിച്ച സംഭവത്തില്‍ ഇറാനിയന്‍ സംഘടനകള്‍ക്ക് പങ്കുണ്ടോ?…മൊസാദിന്റെ സഹായം തേടി ഇന്ത്യ

ഇന്നലെ രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ഇസ്രായേല്‍ എംബസിക്ക് സമീപമുണ്ടായ സ്ഫോടനത്തെ അതീവ ഗൗരവമായി കാണാന്‍ അധികൃതര്‍. സ്ഫോടനത്തില്‍ ഇറാനിയന്‍ സംഘടനകള്‍ക്ക് പങ്കുണ്ടോയെന്നാണ് പരിശോധിക്കാനൊരുങ്ങുന്നത്. സംഭവ സ്ഥലത്ത് നിന്നും ലഭിച്ച ചില കുറിപ്പുകളാണ് ഇറാനിയന്‍ സംഘടനകളിലേക്ക് സംശയം കൊണ്ടെത്തിക്കുന്നത്.
തീവ്രത കുറഞ്ഞ സ്ഫോടനമായതിനാല്‍ ശ്രദ്ധയാകര്‍ഷിക്കാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ സഹായവും ഇന്ത്യ തേടിയിട്ടുണ്ട.
ഇന്നലെ വൈകീട്ട് അഞ്ചിനാണ് ഇസ്രായേല്‍ എംബസിക്ക് സമീപം സ്ഫോടനമുണ്ടായത്. സംഭവത്തില്‍ ആളപായമില്ല. ഡല്‍ഹി പോലീസും രഹസ്യാന്വേഷണ വിഭാഗവും സംഭവത്തില്‍ പരിശോധന നടത്തി.ഒരു കുപ്പിയില്‍ വച്ച സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമീക കണ്ടെത്തല്‍.
അതേസമയം സ്ഫോടനത്തെക്കുറിച്ച് ഇസ്രയേലിന്റെ പ്രതികരണമറിയിച്ച് ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. ഇന്ത്യയില്‍ താമസിക്കുന്ന ഇസ്രയേലികളേയും ജൂതന്മാരെയും ഇന്ത്യന്‍ ഭരണകൂടം സംരക്ഷിക്കുമെന്ന് തനിക്ക് പരിപൂര്‍ണ്ണ വിശ്വാസമുണ്ടെന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. സ്ഫോടനത്തെക്കുറിച്ച് സര്‍ക്കാര്‍ അധികൃതര്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും നെതന്യാഹു പറഞ്ഞു.