Kerala NewsLatest NewsNewsPolitics

ലതികയുടെ തലമുണ്ഡനം സ്ഥാനാര്‍ത്ഥി പട്ടികയുടെ ശോഭ കെടുത്തി,പുറത്താക്കണമെന്ന തീരുമാനം ഹൈക്കമാന്റിന് വിട്ടു

തിരുവനന്തപുരം:വനിത നേതാവിന്റെ തലമുണ്ഡനത്തെ അനുകൂലിച്ചും എതിര്‍ത്തും കോണ്‍ഗ്രസില്‍ ഇതിനോടകം രണ്ട് ചേരി രൂപപ്പെട്ട് കഴിഞ്ഞു. സീറ്റ് നല്‍കാതിരുന്നതിന്റ കാരണങ്ങള്‍ ലതികയെ ബോദ്ധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ട നേതൃത്വമാണ് യഥാര്‍ത്ഥ കുറ്റക്കാരെന്നാണ് ഒരുവിഭാഗത്തിന്റ ആക്ഷേപം. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന്റെ സര്‍വശോഭയും കെടുത്തിയ ലതിക സുഭാഷിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യം ശക്തം.

കോണ്‍ഗ്രസിന്റെ ചരിത്രത്തിലാദ്യമായി അമ്ബത്തിയഞ്ച് ശതമാനം പുതുമുഖങ്ങളെ അണിനിരത്തിയിറക്കിയ സ്ഥാനാര്‍ത്ഥി പട്ടികയുടെ എല്ലാ അവകാശവാദങ്ങളും ഇല്ലാതാക്കുന്നതായിരുന്നു ലതിക സുഭാഷിന്റ തലമുണ്ഡനം. 140 മണ്ഡലങ്ങളിലും ഇതിന്റ പ്രതിഫലനമുണ്ടായേക്കാം. ഒമ്ബത് വനിതകളെ സ്ഥാനാര്‍ത്ഥിയാക്കിയിട്ടും പ്രചാരണത്തിലുടനീളം സ്ത്രീവിരുദ്ധ പാര്‍ട്ടിയെന്ന പഴി കോണ്‍ഗ്രസിന് കേള്‍ക്കേണ്ടി വരും. ഇതിനെ എന്ത് പറഞ്ഞ് പ്രതിരോധിക്കുമെന്ന് പോലും നേതൃത്വത്തിന് വ്യക്തതയില്ല.

പ്രതിഷേധവുമായി ഇന്നലെ രാവിലെ പതിനൊന്ന് മണി മുതല്‍ ലതിക സുഭാഷ് കെ പി സി സി ഓഫീസില്‍ ഉണ്ടായിരുന്നു. മാദ്ധ്യമങ്ങളിലൂടെ എതിര്‍പ്പ് അറിയിച്ചിട്ടും അവരെ ഒരാള്‍പോലും തിരിഞ്ഞുനോക്കിയില്ലെന്നാണ് ലതികയെ അനുകൂലിക്കുന്ന മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്. കെ പി സി സി അദ്ധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അതും നടന്നില്ല.

തിടുക്കപ്പെട്ട് ലതിക സുഭാഷിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാല്‍ അത് കൂടുതല്‍ ദോഷമാകുമെന്നാണ് നേതാക്കളില്‍ ഭൂരിപക്ഷവും പറയുന്നത്. തത്ക്കാലം പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയ ലതികയുടെ സമര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ടെന്ന് തന്നെയാണ് തീരുമാനം. ഹൈക്കമാന്‍ഡിന്റെ അഭിപ്രായം കൂടി കേട്ട ശേഷമാകും കെ പി സി സിയുടെ തുടര്‍ നടപടി. സംഭവത്തില്‍ ദേശീയ നേതൃത്വം കടുത്ത അതൃപ്‌തിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button