നാലാമത്തെ കുട്ടിക്ക് മാമോദീസ നല്‍കുക ബിഷപ്പ് , കൂടുതൽ കുഞ്ഞുങ്ങളുണ്ടാകാൻ പ്രോത്സാഹനവുമായി ലത്തീൻ സഭയും
തിരുവനന്തപുരം: കൂടുതൽ കുഞ്ഞുങ്ങളുണ്ടാകാൻ വിവിധ ക്രൈസ്തവ സഭ വിഭാഗങ്ങൾ നൽകിയ പ്രോത്സാഹനത്തിന്റെ പാതയിൽ ലത്തീൻ സഭയും. അതിരൂപതയ്ക്ക് കീഴിലുള്ള കുടുംബങ്ങളിലെ നാലാമത്തെ കുട്ടിക്ക് ഇനി മുതൽ ബിഷപ്പുമാർ നേരിട്ട് മാമോദീസാ ചടങ്ങ് നടത്തും. കൂടുതൽ അംഗങ്ങളുള്ള കുടുംബത്തിലെ കുട്ടികൾക്ക് ലത്തീൻ അതിരൂപത അധ്യക്ഷൻ ആർച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യമോ സഹായ മെത്രാൻ ഡോ.ആർ.ക്രിസ്തുദാസോ പ്രാരംഭ കൂദാശ നൽകും. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് 23ന് വെള്ളയമ്പലം സെന്റ് തെരേസാസ് പള്ളിയിൽ ബിഷപ്പ് ഡോ.ആർ.ക്രിസ്തുദാസ്, ഈ വിഭാഗത്തിൽ പെടുന്ന തിരഞ്ഞെടുത്ത കുട്ടികൾക്ക് മാമോദീസ നടത്തുമെന്നും അതിരൂപത വ്യക്തമാക്കി.
2000ത്തിന് ശേഷം വിവാഹിതരായ അഞ്ച് കുട്ടികളിൽ കൂടുതലുള്ള കുടുംബത്തിന് പ്രതിമാസം 1500 സാമ്പത്തിക സഹായം നൽകുമെന്ന് കത്തോലിക്ക സഭ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കുടുംബത്തിൽ നാലാമതായും പിന്നീടും ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് പാലായിലെ സെന്റ് ജോസഫ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജിയിൽ സ്കോളർഷിപ്പോടെ വിദ്യാഭ്യാസം സൗജന്യമായി നൽകുമെന്നും പാലാ രൂപത പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നവര്‍ക്ക് സഹായം നല്‍കുമെന്ന് സീറോ മലങ്കര കത്തോലിക്കാസഭയുടെ പത്തനംതിട്ട രൂപയും പ്രഖ്യാപിച്ചിരുന്നു.