കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമകാര്യ സെൽ രൂപീകരിച്ചു,അധിക ചെലവെന്ന് ആക്ഷേപം

തിരുവനന്തപുരം: ലോക്ക് ഡൗണും കോവിഡും വന്നതോടെസംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമകാര്യ സെൽ രൂപീകരിച്ചു കൊണ്ടുള്ള പുതിയ ഉത്തരവ് പുറത്തിറങ്ങി.നിയമകാര്യങ്ങൾ ഔദ്യോഗികമായി കൈകാര്യം ചെയ്യാൻ നിയമസെക്രട്ടറിയും ഓഫിസർമാരുമുണ്ടെന്നിരിക്കെയാണ് വീണ്ടും നിയമസെൽ രൂപീകരിച്ചിരിക്കുന്നത്.ഇത് കടുത്ത വിമർശനത്തിനാണ് വഴി തെളിച്ചിരിക്കുന്നത്
പുതിയ നിയമനം അധിക ചെലവാണെന്നാണ് ആക്ഷേപം. വിജിലൻസിൽ പ്രവർത്തിച്ചിരുന്ന അഭിഭാഷകനെയാണ് സെല്ലിൽ നിയമിച്ചിരിക്കുന്നത്.
ഹൈക്കോടതിയിലെ സ്‌പെഷൽ ഗവൺമെന്റ് പ്ലീഡർ എം രാജേഷിനാണ് സെല്ലിന്റെ അധിക ചുമതല നൽകിയിരിക്കുന്നത്. യാത്രാബത്തയും ഹോണറേറിയവും പിന്നീട് തീരുമാനിക്കും. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം.
സംസ്ഥാന സർക്കാർ കക്ഷിയായുള്ള കേസുകൾ കൈകാര്യം ചെയ്യാൻ സ്‌പെഷൽ ലെയ്‌സൺ ഓഫീസറായി 1.10 ലക്ഷംരൂപ ശമ്പളത്തിൽ മുതിർന്ന അഭിഭാഷകനെ നേരത്തെ നിയമിച്ചിരുന്നു. അഡ്വ. ജനറൽ ഓഫീസുമായി ബന്ധപ്പെട്ട കേസുകളുടെ കാര്യത്തിനായാണ് നിയമനം നൽകിയത്. ഇതുകൂടാതെ നിയമകാര്യങ്ങളിൽ ഉപദേശം നൽകാൻ എൻ കെ ജയകുമാറിനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമിച്ചിട്ടുണ്ട്. നിയമകാര്യങ്ങൾ ഔദ്യോഗികമായി കൈകാര്യം ചെയ്യാൻ നിയമസെക്രട്ടറിയും ഓഫീസർമാരുമുണ്ട്.
നിയമകാര്യങ്ങളിൽ ഉപദേശം നൽകാൻ ചീഫ് സെക്രട്ടറിയും നിയമകാര്യ സെല്ലിനു രൂപം നൽകിയിട്ടുണ്ട്. ഇതിനൊക്കെ പുറമെയാണ് നിയമകാര്യ സെൽ രൂപീകരിച്ച് ഉത്തരവിറങ്ങിയിരിക്കുന്നത്.