”സംഭവത്തിൽ കുറ്റബോധമില്ല, ശരിയെന്ന് തോന്നിയത് ചെയ്തു”; സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ ആക്രമണത്തെ കുറിച്ച് അഭിഭാഷകൻ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ ആക്രമണത്തെ കുറിച്ച് അഭിഭാഷകൻ രാകേഷ് കിഷോർ പ്രതികരിച്ചു. സംഭവത്തിൽ തനിക്കൊട്ടും കുറ്റബോധമില്ലെന്നും, ശരിയെന്ന് തോന്നിയത് ചെയ്തതാണെന്നും, തനിക്കുള്ള പ്രചോദനം ദൈവമാണെന്നും രാകേഷ് കിഷോർ വ്യക്തമാക്കി. എന്ത് പ്രത്യാഘാതവും നേരിടാൻ താൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചീഫ് ജസ്റ്റിസിന് പിന്തുണ അറിയിച്ച് പ്രധാനമന്ത്രിയടക്കം രാഷ്ട്രീയ, നിയമ നേതാക്കൾ രംഗത്തെത്തിയ സാഹചര്യത്തിലാണ് അഭിഭാഷകന്റെ ഈ പ്രതികരണം.
ഇന്നലെ രാവിലെ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയുടെ ബെഞ്ച് ചേർന്ന സമയത്താണ് സുപ്രീംകോടതി മുറിക്കുള്ളിൽ നാടകീയ സംഭവമുണ്ടായത്. അഭിഭാഷകർ കേസ് പരാമർശിക്കുന്നതിനിടെ രാകേഷ് കിഷോർ ചീഫ് ജസ്റ്റിസിനോട് ഷൂ എറിയാൻ ശ്രമിച്ചു. “സനാതന ധർമ്മത്തെ അപമാനിക്കുന്നത് സഹിക്കാനാകില്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. സുരക്ഷാ ഉദ്യോഗസ്ഥർ സമയോചിതമായി ഇടപെട്ടതോടെ സംഭവം വൻ പ്രശ്നമാകുന്നതിന് മുൻപേ തന്നെ രാകേഷ് കിഷോറിനെ പിടികൂടി പൊലീസിന് കൈമാറി. തുടർന്ന് കോടതി നടപടികൾ സാധാരണ നിലയിൽ തുടരുകയും, “ഇതൊന്നും തന്നെ കോടതി നടപടികളെ ബാധിക്കില്ല” എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.
ഖജുരാഹോയിലെ വിഷ്ണു വിഗ്രഹം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ “അത് ദൈവത്തോട് പോയി പറയൂ” എന്ന ചീഫ് ജസ്റ്റിസിന്റെ പരാമർശമാണ് ചില ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തിനും ഈ അതിക്രമത്തിനും പിന്നിലെന്നാണ് റിപ്പോർട്ട്.
സംഭവത്തെ അപലപിച്ച് എസ്സിആർഒഎ അടക്കമുള്ള സംഘടനകളും, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന് ഖർഗേയും, കേരള മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു. അതേസമയം, അഭിഭാഷകനെതിരെ കൂടുതൽ നിയമനടപടി ആവശ്യമില്ലെന്ന് ചീഫ് ജസ്റ്റിസ് നിർദേശിച്ചതിനെ തുടർന്ന് ചോദ്യം ചെയ്യലിന് ശേഷം രാകേഷ് കിഷോറിനെ വിട്ടയച്ചു. ഷൂയും കൈവശമുണ്ടായിരുന്ന രേഖകളും തിരികെ നൽകി.
എന്നാൽ, ബാർ കൗൺസിൽ അദ്ദേഹത്തെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. രാകേഷ് കിഷോറിനെതിരെ അച്ചടക്കനടപടികൾ ആരംഭിച്ചിട്ടുമുണ്ട്.
Tag: Lawyer Rakesh Kishor responds to attack on Supreme Court Chief Justice