Kerala NewsLatest NewsNews

ഷോ കാണിക്കുവാന്‍ കരഞ്ഞതല്ല, നാടകമെന്ന് ആക്ഷേപിക്കുന്നവര്‍ അറിയണം ലയയുടെ കഥ

തിരുവനന്തപുരം : ലാസ്റ്റ് ഗ്രേഡ് നിയമനങ്ങള്‍ പി.എസ്.സി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്ത ഉദ്യോഗാര്‍ത്ഥികളില്‍ രണ്ടു പേര്‍ ദേഹത്ത് മണ്ണണ്ണയൊഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചത് കഴിഞ്ഞ ദിവസം ചര്‍ച്ചയായിരുന്നു. എന്നാല്‍ സമരത്തിനിടെ പൊട്ടിക്കരയുന്ന പെണ്‍കുട്ടിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. സമരത്തിനെത്തിയ ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡറായ തൃശൂര്‍ സ്വദേശിനി ലയ രാജേഷ് സമരവേദിയില്‍ സംസാരിച്ച ശേഷം മാറി നിന്ന് പൊട്ടിക്കരയുന്ന ചിത്രം കേരളമനസൊന്നാകെ ഏറ്റെടുക്കുകയായിരുന്നു.

തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ സംസ്ഥാനം എത്തി നില്‍ക്കുന്നതിനാല്‍ പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരാണ് ഈ ചിത്രം കൂടുതലായി പ്രചരിപ്പിച്ചത്. കേരളയുവതയുടെ കണ്ണീര്‍ എന്ന തലക്കെട്ടിലാണ് ചിത്രം സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായത്. എന്നാല്‍ ഈ കരച്ചില്‍ മാദ്ധ്യമങ്ങളുടെ മുന്നിലെ ഷോ ആണെന്ന വ്യാഖ്യാനവുമായി ഒരു സംഘം സമൂഹ മാദ്ധ്യമങ്ങളില്‍ പ്രതികരിക്കുകയും ചെയ്തു.

എന്തുകൊണ്ടാണ് സമരപ്പന്തലില്‍ പൊട്ടിക്കരഞ്ഞതെന്ന് വിശദീകരിക്കുകയാണ് ലയ ഇവിടെ. എല്ലാം നഷ്ടപ്പെടുമെന്ന നിമിഷത്തില്‍ കരഞ്ഞുപോയെന്ന് ലയാ രാജേഷ് വെളിപ്പെടുത്തുന്നു. സുഹൃത്തായ ഡെന്‍സി റിത്തുവിന്റെ ചുമലില്‍ ചാരിയാണ് പൊട്ടിക്കരഞ്ഞത്. ഒരു സര്‍ക്കാര്‍ ജോലി എന്ന പ്രതീക്ഷയില്‍ രണ്ടര വര്‍ഷമായി ഈ റാങ്ക് ലിസ്റ്റിന്റെ പിന്നിലാണ് താന്‍. സമരവേദിയില്‍ രണ്ട് പേര്‍ ആത്മഹത്യാ ശ്രമം നടത്തുകയും അതിന് പിന്നാലെ സമരത്തെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയും ചെയ്തപ്പോള്‍ സ്വയം നിയന്ത്രിക്കാനാകാതെ കരഞ്ഞുപോവുകയായിരുന്നു. സങ്കടവും ദേഷ്യവും നിരാശയുമായിരുന്നു അപ്പോള്‍ മനസില്‍, തന്റെ ചിത്രങ്ങള്‍ മാദ്ധ്യമ ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തുന്നത് അപ്പോള്‍ ഓര്‍ത്തില്ല.

സമൂഹമാദ്ധ്യമങ്ങളില്‍ തന്റെ കരച്ചിലിനെ നാടകമെന്ന് ആക്ഷേപിക്കുന്നവര്‍ക്കും ലയ മറുപടി നല്‍കുന്നു. മക്കളെപ്പോലും വിട്ട് ഇവിടെ വന്ന് അര്‍ഹതപ്പെട്ട ജോലിക്കായി ദിവസങ്ങളോളം സമരം ചെയ്യുന്നവരുടെ മാനസികനില അറിയാത്തവരാണ് തങ്ങളെ അധിക്ഷേപിക്കുന്നത്. രാഷ്ട്രീയ വിരോധം തങ്ങള്‍ക്കില്ലെന്നും, ആരു ഭരിച്ചാലും അര്‍ഹതപ്പെട്ടതു കിട്ടാതിരുന്നാല്‍ ഞങ്ങള്‍ സമരം ചെയ്യുമെന്നും ലയ വ്യക്തമാക്കുന്നു. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളിലുള്ളവരും ഈ സമരത്തിനുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button