തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.പി അന്‍പഴകന് കൊവിഡ്,

തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.പി അന്‍പഴകന് കൊവിഡ് സ്ഥിരീകരിച്ചു. അന്‍പഴകനെ ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചെന്നൈയിലും ധര്‍മ്മപുരിയിലും സര്‍ക്കാരിന്റെ കൊവിഡ് സഹായ വിതരണത്തിന് മുന്നിലുണ്ടായിരുന്ന മന്ത്രി അന്‍പഴകന്, കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ആശുപത്രിയില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷം മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അണ്ണാ ഡി.എം.കെയുടെ ഒരു എം.എല്‍.എയ്ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും നിരീക്ഷണത്തിലാണ്. രാജ്യത്ത് ആദ്യമായി ഒരു ജനപ്രതിനിധി കൊവിഡ് ബാധിച്ച് മരണപെട്ടതും, തമിഴ്നാട്ടിലാണ്. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഡി.എം.കെ എം.എല്‍.എ ജെ.അന്‍പഴകനാണ് മരണത്തിന് കീഴടങ്ങിയത്. ചെന്നൈ ചെപ്പോക്ക് മണ്ഡലത്തിലെ ജനപ്രതിനിധിയായിരുന്നു അദ്ദേഹം.
ചെന്നൈയിലെ റിപ്പോൺ കെട്ടിടത്തിൽ ബുധനാഴ്ച നടന്ന കൊവിഡ് 19 ന്റെ പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിൽ മന്ത്രി കെപി അൻപഴകൻ പങ്കെടുത്തിരുന്നതാന്. മന്ത്രിമാരായ എസ്പി വെലുമണി, ഡി ജയകുമാർ, ആർ കാമരാജ്, സി വിജയഭാസ്‌ക്കർ എന്നിവരും ആരോഗ്യ സെക്രട്ടറി ജെ രാധാകൃഷ്ണൻ, ചെന്നൈ കോർപറേഷൻ കമ്മീഷ്ണർ പ്രകാശ്, സിറ്റി പൊലീസ് കമ്മീഷ്ണർ എകെ വിശ്വനാഥൻ, ഐഎഎസ് ഓഫിസർമാർ തുടങ്ങി മുതിർന്ന ഉദ്യോഗസ്ഥന്മാരും, യോഗത്തിൽ പങ്കെടുത്തിരുന്നുവെന്നാണ് റിപ്പോർട്ട്. പിന്നീടാണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അതേസമയം, തമിഴ്നാട്ടില്‍ ചെന്നൈ ഉള്‍പ്പെടെയുള്ള നാല് ജില്ലകളില്‍ വെള്ളിയാഴ്ച മുതല്‍ സമ്പൂർണ്ണ ലോക്ക് ഡൗണ്‍ നടപ്പിലാകും. പലചരക്ക് പച്ചക്കറി കടകള്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ തുറന്ന് പ്രവര്‍ത്തിക്കും. ഓട്ടോ-ടാക്സി സര്‍വീസുകള്‍ ഉണ്ടാകില്ല. ഈ മാസം 30 വരെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.