പരസ്പരം അഴിമതിയാരോപിച്ച് എൽഡിഎഫും യുഡിഎഫും; കുടിവെള്ളംമുട്ടി തകഴിയിലെ ജനങ്ങൾ

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിലും സജീവ ചർച്ചയായി തകഴിയിലെ തുടർച്ചയായ കുടിവെള്ള പൈപ്പ് പൊട്ടൽ. കഴിഞ്ഞ മൂന്നര വർഷത്തിനിടെ ഇവിടെ പൈപ്പ് പൊട്ടിയത് 56 തവണയാണ്. പദ്ധതിയിൽ പരസ്പരം അഴിമതിയാരോപിക്കുകയാണ് എൽഡിഎഫും യുഡിഎഫും.
തകഴി മുതൽ കേളമംഗലം വരെയുള്ള ഒന്നര കിലോമീറ്ററിനിടയിലാണ് സ്ഥിരം പൈപ്പ് പൊട്ടൽ. നിലവാരമില്ലാത്ത പൈപ്പാണ് ഇവിടെ സ്ഥാപിച്ചതെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. ഇത് തെരഞ്ഞെടുപ്പിലും സജീവ ചർച്ചാ വിഷയമാക്കുകയാണ് കോൺഗ്രസ്. വിജിലൻസ് അന്വേഷണം പോലും സിപിഎം നേതാക്കൾക്കായി അട്ടിമറിച്ചെന്നാണ് ആരോപണം.
എന്നാൽ ഈ ആരോപണങ്ങളെ ശക്തമായി നേരിടുകയാണ് മന്ത്രി ജി സുധാകരൻ. നിലവാരമില്ലാത്ത പൈപ്പ് സ്ഥാപിച്ചതിൽ കോൺഗ്രസ് നേതാക്കളാണ് കമ്മീഷൻ കൈപ്പറ്റിയതെന്നാണ് മന്ത്രി പറയുന്നത്. തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ നിന്നും കോൺഗ്രസ് മത്സരിപ്പിക്കാൻ ആലോചിക്കുന്ന എ എ ഷുക്കൂറിനെതിരെയാണ് മന്ത്രിയുടെ ആരോപണം.
ആലപ്പുഴ നഗരസഭയിലെയും എട്ട് ഗ്രാമ പഞ്ചായത്തിലേക്കുമാണ് കുടിവെള്ള പദ്ധതിയിലൂടെ ശുദ്ധജലമെത്തുന്നത്. പൈപ്പ് പൊട്ടി കുടിവെള്ള വിതരണം മുടങ്ങുന്നതിനൊപ്പം അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയിൽ ഗതാഗത തടസവും പതിവാണ്.