ചെല്ലാനം പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണനഷ്ടം
കൊച്ചി: ചെല്ലാനം പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി. ചെല്ലാനം ട്വന്റി 20- യുഡിഎഫ് കൂട്ടായ്മ കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിച്ചതോടെയാണ് ഒന്‍പത് മാസം പ്രായമായ ഇടത് ഭരണം താഴെവീണത്. ട്വന്റി 20യുടെ അവിശ്വാസപ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ച് യുഡിഎഫ് അംഗങ്ങള്‍ വോട്ട് ചെയ്യുകയായിരുന്നു. അവിശ്വാസ പ്രമേയത്തിന് അനുകൂലമായി 12 അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തി. പഞ്ചായത്തില്‍ അവിശ്വാസം പ്രമേയം കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ക്ക് നേരത്തെ തന്നെ കോണ്‍ഗ്രസ് നേതൃത്വം തുടക്കം കുറിച്ചിരുന്നു.
ഉടന്‍ തന്നെ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ചെല്ലാനം ട്വന്റി 20യും കോണ്‍ഗ്രസും ഒരുമിച്ച് മത്സരിക്കും. ഇതോടെ ഭരണം കോണ്‍ഗ്രസ് സഖ്യത്തിന്റെ കൈകളിലേക്ക് എത്തും. 20 അംഗ ഭരണസമിതിയാണ് ചെല്ലാനം പഞ്ചായത്തിലുള്ളത്. എല്‍ഡിഎഫ്- ഒമ്പത്, ട്വന്റി 20- എട്ട്, യുഡിഎഫ്- നാല് എന്നിങ്ങനെയാണ് സീറ്റ് നില. നേരത്തെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അംഗങ്ങള്‍ വിട്ട് നിന്നതോടെ എട്ടിനെതിരെ ഒന്‍പത് വോട്ടുകള്‍ നേടി എല്‍ഡിഎഫ് ഭരണത്തിലെത്തുകയായിരുന്നു. ട്വന്റി 20യുമായി ചേര്‍ന്ന് ഭരണം പിടിക്കണമെന്ന അഭിപ്രായം തുടക്കം മുതല്‍ തന്നെ കോണ്‍ഗ്രസിലുണ്ടായിരുന്നു.
കോട്ടയത്തും ഈരാറ്റുപേട്ടയിലും അട്ടിമറിയിലൂടെ യുഡിഎഫ് ഭരണം എല്‍ഡിഎഫ് വീഴ്ത്തിയതോടെ സമാനമായ രീതിയില്‍ പ്രതിരോധ നടപടികള്‍ ആരംഭിക്കണമെന്ന ആവശ്യം കോണ്‍ഗ്രസിലും ശക്തമായി. ആദ്യ പടിയായി ചെല്ലാനം പഞ്ചായത്തിലാണ് ചര്‍ച്ചകള്‍ തുടങ്ങിയത്. ട്വന്റി 20യുമായി ചേര്‍ന്ന് ഇടതുഭരണം പൊളിക്കാനായിരുന്നു തീരുമാനം. അടുത്ത ഭരണ സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ട്വന്റി 20ക്ക് പ്രസിഡന്റ് സ്ഥാനവും കോണ്‍ഗ്രസിന് വൈസ് പ്രസിഡന്റും എന്നതാണ് ധാരണ.