വിജയിപ്പിച്ചില്ലെങ്കില്‍ ശമ്പളം കുറയ്ക്കുമെന്ന് ഇടത് സംഘടനയുടെ ഭീഷണി
തിരുവനന്തപുരം: ദേവസ്വം ബോര്‍ഡില്‍ നടക്കുന്ന റഫറണ്ടത്തില്‍ വിജയിപ്പിച്ചില്ലെങ്കില്‍ ശമ്പളം കുറയ്ക്കുമെന്ന് ഇടത് സംഘടന നേതാവിന്റെ ഭീഷണി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്ക് നടക്കുന്ന റഫറണ്ടത്തില്‍ ഇടത് സംഘടന വിജയിച്ചില്ലെങ്കില്‍ 30 ശതമാനം ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് തിരുവിതാംകൂര്‍ എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ നേതാവ് പ്രസംഗിക്കുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്.
അടുത്ത മാസം മുതല്‍ ശമ്പളം 30 ശതമാനം ശമ്പളം വെട്ടിക്കുറയ്ക്കുമെന്നാണ് പറയുന്നതെന്നും തിരഞ്ഞെടുപ്പില്‍ വിജയിച്ചില്ലെങ്കില്‍ അതുണ്ടാകുമെന്ന കാര്യത്തില്‍ സംശയിക്കേണ്ടെന്നുമാണ് ഇടത് സംഘടന നേതാക്കള്‍ പറയുന്നത്. ഇടത് സംഘടന അംഗങ്ങളാണ് ദേവസ്വത്തില്‍ ഏറ്റവും കൂടുതലുളളത്. അതിന്റെ അടിസ്ഥാനത്തിലാണ് സാമ്പത്തിക സഹായം ലഭിക്കുന്നത്. അതിനാല്‍ റഫറണ്ടത്തില്‍ പരാജയപ്പെട്ടാല്‍ ആ സാമ്പത്തിക സഹായങ്ങളെല്ലാം നില്‍ക്കും.
ഇങ്ങിനെ ഭീഷണിപ്പെടുത്തിയാണ് ഇടത് സംഘടനകള്‍ വോട്ട് തേടിയത്. ഇടത് സംഘടന പരാജയപ്പെട്ടാല്‍ അംഗീകാരം കിട്ടിയവര്‍ ശമ്പളം കൈകാര്യം ചെയ്യട്ടെയെന്ന് പറഞ്ഞ് സര്‍ക്കാര്‍ സാമ്പത്തിക സഹായം നിര്‍ത്തുമെന്നും പ്രചരിപ്പിക്കുന്നുണ്ട്. നിലവില്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന ദേവസ്വം ബോര്‍ഡ് 110 കോടി രൂപ സാമ്പത്തിക സഹായത്തിന് സര്‍ക്കാരിനോട് അപേക്ഷിച്ചിരുന്നു.
മണ്ഡലകാല മുന്നൊരുക്കങ്ങള്‍ക്ക് പോലും ബോര്‍ഡിന് പണമില്ലാത്ത അവസ്ഥയാണ്. ബജറ്റില്‍ പ്രഖ്യാപിച്ച 100 കോടിയും ഗ്രാന്റായി 10 കോടിയുമാണ് സര്‍ക്കാരിനോട് ബോര്‍ഡ് സഹായം ചോദിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാരിന് ദുരിതാശ്വാസ നിധിയിലേക്ക് യാതൊരു കണക്കുമില്ലാതെ സംഭാവന ചെയ്യാന്‍ ബോര്‍ഡിന് മടിയുണ്ടായിരുന്നില്ല.