യൂട്യൂബറെ കയ്യേറ്റം ചെയ്ത ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ഒളിവിൽ

തിരുവനന്തപുരം; യൂട്യൂബറെ കൈയ്യേറ്റം ചെയ്ത കേസിൽ കോടതി മുൻകൂർ ജാമ്യം നിഷേധിച്ച ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർ ഒളിവിൽ.അഡീഷനൽ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ തമ്പാനൂർ പൊലീസ് മൂവരുടെയും വീടുകളിൽ അന്വേഷിച്ചെങ്കിലും കണ്ടത്താനായിട്ടില്ല. പൊലീസ് നടപടി മുൻകൂട്ടി അറിഞ്ഞ് ഒളിവിൽ പോയതാകാം എന്നതാണ് നിഗമനം. അപ്പീൽ നൽകുന്നതുവരെ അറസ്റ്റ് നീട്ടി കൊണ്ടുപോകാനാകും ശ്രമമെന്നും സൂചനയുണ്ട്.
തിരുവനന്തപുരം ജില്ലാ കോടതിയാണു ഇവർക്ക് മുൻകൂർ ജാമ്യം നിഷേധിച്ചത്. മോഷണം, മുറിയിൽ അതിക്രമിച്ചു കടന്നു തുടങ്ങി അഞ്ചു വർഷം തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.ഭാഗ്യലക്ഷ്മിക്കും മറ്റു പ്രതികൾക്കും മുൻകൂർജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇവർക്ക് ജാമ്യം നൽകിയാൽ നാളെ നിയമം കൈയിലെടുക്കാൻ പൊതുജനത്തിനു പ്രചോദനമാകുമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു. രണ്ടാം അഡീഷണൽ സെഷൻസ് ജഡ്ജി ശേഷാദ്രിനാഥൻ കേസ് പരിഗണിച്ചപ്പോഴാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.
യുട്യൂബിലൂടെ സത്രീത്വത്തെ അപമാനിച്ചുവെന്നാരോപിച്ചാണ് യൂട്യൂബറായ വിജയൻ പി നായരെ ഭാഗ്യലക്ഷ്മിയും കൂട്ടുകാരും സംഘം ചേർന്ന് മർദിച്ചത്.