നിയമസഭാ കയ്യാങ്കളി; സുപ്രീംകോടതി വിധി ഇന്ന്
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസില്‍ സുപ്രീംകോടതി വിധി ഇന്ന്. അക്രമാസക്ത രീതിയിലേക്ക് നിയമസഭയെ കൊണ്ടെത്തിച്ചതില്‍ ഏറെ വിവാദമായിരുന്നു നിയമസഭാ കയ്യാങ്കളിക്കേസ്. ഈ കേസ് അവസാനിപ്പിക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഇന്ന് വിധി പറയുക.
മന്ത്രി വി ശിവന്‍കുട്ടി, മുന്‍മന്ത്രി ഇപി ജയരാജന്‍, മുന്‍മന്ത്രിയും നിലവില്‍ എംഎല്‍എയുമായ കെടി ജലീല്‍, മുന്‍ എംഎല്‍എമാരായ സികെ സദാശിവന്‍, കെ അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവരാണ് കേസിലെ പ്രതി പട്ടികയിലുള്ളത്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് സര്‍ക്കാര്‍ ഹര്‍ജി തള്ളിയാല്‍ മന്ത്രിയടക്കം പ്രതി പട്ടികയിലുള്ള എല്ലാവരും വിചാരണ നേരിടേണ്ടി വരും.
2015 ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ ധനമന്ത്രി കെ എം മാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നത് തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടയായിരുന്നു ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പടെ നിയമസഭയെ അക്രമാസക്തമാക്കിയത്. അതേസമയം സുപ്രീംകോടതി നേരത്തെ ഹര്‍ജി പരിഗണിച്ചിരുന്നപ്പോള്‍ എംഎല്‍എമാര്‍ക്ക് നിയമസഭയിലുള്ള പ്രത്യേക അവകാശങ്ങള്‍ ചൂണ്ടിക്കാട്ടി കേസ് നിലനില്‍ക്കില്ല എന്നായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്.
എന്നാല്‍ എംഎല്‍എമാര്‍ സഭയ്ക്കുള്ളില്‍ നടത്തിയ പരാക്രമങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും, പൊതുമുതല്‍ നശിപ്പിക്കല്‍ നിയമപ്രകാരം വിചാരണ നേരിടേണ്ടിവരുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.