ദീപികയുടെ ലെവിസിന്റെ പുതിയ പരസ്യം; കോപ്പിയടി ആരോപണവമായി സംവിധായിക

ലെവിസിനു വേണ്ടി ബോളിവുഡ് നടി ദീപിക പദുക്കോൺ ചെയ്ത പുതിയ പരസ്യം കഴിഞ്ഞ കുറച്ചു ദിവസമായി നമ്മൾ കാണുന്നു.ഇപ്പോഴിതാ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പരസ്യത്തിനെതിരെ കോപ്പിയടി ആരോപണവമായി സംവിധായിക സൂനി താരപൊരെവാല രംഗത്ത്. തന്റെ ചിത്രം യേ ബാലറ്റിലേതു പോലെയാണ് പരസ്യത്തിന്റെ സെറ്റ് ഇട്ടിരിക്കുന്നത് എന്നാണ് സൂനിയുടെ ആരോപണം.
ഞങ്ങളുടെ യേ ബാലറ്റിന്റെ ഡാൻസ് സ്റ്റുഡിയോ പരസ്യത്തിൽ കണ്ട് ഞെട്ടിപ്പോയെന്നാണ് സൂനി പറയുന്നത്. തന്റെ സിനിമ കണ്ട് ഇതുപോലെ ഒന്ന് ചെയ്യാൻ പരസ്യത്തിന്റെ സംവിധായകൻ തീരുമാനിക്കുകയായിരുന്നു. അനുവാദം ചോദിക്കാതെ ഒരാളുടെ ക്രിയേറ്റീവ് വർക് കടമെടുത്താൽ എന്താണ് സംഭവിക്കുക എന്ന് ചിന്തിച്ചില്ലേ എന്നും അവർ കുറിച്ചു. ഇത് ഇന്റലക്ച്വൽ മോഷണമാണ്. ഇന്ത്യയിലെ കോപ്പികാറ്റ് കൾച്ചർ ഇല്ലാതാക്കണമെന്നും നിങ്ങൾ സർഗ്ഗാത്മകമായി കടത്തിലാണോ എന്നും സൂനി ചോദിക്കുന്നു. കോപ്പിയടിയുമായി ദീപികക്കോ മറ്റ് അഭിനേതാക്കൾക്കോ ബന്ധമില്ലെന്നും അവർ കുറിച്ചിട്ടുണ്ട്.
പരസ്യത്തിന്റെ അണിയറ പ്രവർത്തകർ തന്നെ യേ ബാലറ്റിൽ കണ്ടാണ് സ്റ്റുഡിയോ സെറ്റ് ചെയ്തതെന്ന് തുറന്നു സമ്മതിച്ചിട്ടുണ്ട്. പരസ്യത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ റുപിൻ സുചക് ആണ് ഇത് വ്യക്തമാക്കിയത്. യേ ബാലറ്റിലെ സ്റ്റുഡിയോ പോലെ തന്നെയുണ്ടെന്നും അവിടെ തന്നെയാണോ ഷൂട്ട് ചെയ്തത് എന്നുമുള്ള ഒരാളുടെ ചോദ്യത്തിനായിരുന്നു മറുപടി. ഞങ്ങളുടെ സംവിധായകനും ചിത്രത്തിലേതുപോലെയാണ് വേണ്ടിയിരുന്നതെന്നും അതിനാൽ അത് പുനഃസൃഷ്ടിച്ചെന്നും റുപിൻ വ്യക്തമാക്കി. 2019 ൽ നെറ്റ് ഫ്ലിക്സിലൂടെ റിലീസ് ചെയ്ത ചിത്രമാണ് യേ ബാലറ്റ്.