CinemaKerala NewsLatest NewsLaw,Local NewsMovieNationalNews

ഉണ്ണികൃഷ്ണൻ ഒന്നിനും കൊള്ളാത്തവനാണ്, ഉണ്ണീകൃഷ്ണന് തന്നോട് പകയാണ്.

മലയാള സിനിമ സംവിധായകൻ വിനയനുമായി ബന്ധപ്പെട്ട വിവാദം കൂടുതൽ കടുക്കുന്നു.സംവിധായകൻ വിനയന്റെ വിലക്ക് നീക്കിയ ഉത്തരവിന് എതിരെ ഫെഫ്കയും മറ്റ് രണ്ട് സംഘടനകളും നൽകിയ ഹർജികൾ സുപ്രീം കോടതി തള്ളിയ പശ്ചാത്തലത്തിൽ സംഘടനയ്ക്കും ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനുമെതിരേ രൂക്ഷ വിമർശനവുമായി വിനയൻ രംഗത്തെത്തി. ബി.ഉണ്ണികൃഷ്ണൻ ഒന്നിനും കൊള്ളാത്തവനാണെന്ന് ഇതോടെ വ്യക്തമായെന്ന് വിനയൻ പ്രതികരിച്ചു.ഫെഫ്ക പിരിച്ചു വിടണമെന്നും ബി.ഉണ്ണികൃഷ്ണന് തന്നോടുള്ള പകയാണ് കേസിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിനയന്റെ വിലക്ക് നീക്കി കൊണ്ട് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ, 2017 മാർച്ചിൽ പുറപ്പെടുവിച്ച ഉത്തരവിൽ സിനിമ താരങ്ങളുടെ സംഘടന ആയ AMMA ക്ക് 4,00,065 രൂപ പിഴ വിധിച്ചിരുന്നു. ഫെഫ്കയ്ക്ക് 85,594 രൂപയും ഡയറക്ടേഴ്സ് യൂണിയന് 3,86,354 രൂപയും പ്രൊഡക്ഷൻ എക്സിക്യുട്ടീവ് യൂണിയന് 56,661 രൂപയും പിഴ ചുമത്തിയിരുന്നു. ഇടവേള ബാബു, ഇന്നസെന്റ്, സിബി മലയിൽ, ബി. ഉണ്ണികൃഷ്ണൻ, കെ മോഹനൻ എന്നിവർക്കും പിഴ വിധിച്ചിരുന്നു. ഈ പിഴ 2020 മാർച്ചിൽ നാഷണൽ കമ്പനി ലോ അപ്പലറ്റ് ട്രിബ്യൂണൽ ശരിവച്ചിരുന്നു. ഇതിനെതിരെയാണ് വിലക്ക് നീക്കിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫെഫ്ക ഉൾപ്പടെ ഉള്ള സംഘടനകൾ കോടതിയെ സമീപിച്ചത്. പക്ഷെ വിധി വിനയന് അനുകൂലമായാണ് വന്നത്.സുപ്രീം കോടതിയുടെ ഇന്നത്തെ വിധിയോടെ പിഴ തുക പൂർണ്ണമായും സംഘടനകൾ വിനയന് നൽകേണ്ടി വരും.
ഫെഫ്കയ്ക്ക് പുറമെ, ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ, ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യുട്ടീവ് യൂണിയൻ എന്നീ സംഘടനകൾ ആണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നത്. അമ്മ, ഫെഫ്ക എന്നിവ ട്രേഡ് യൂണിയൻ സംഘടനകൾ ആണെന്നും അതിനാൽ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയ്ക്ക് ഈ തർക്കത്തിൽ ഇടപെടാൻ കഴിയില്ല എന്ന് ഫെഫ്ക സംഘടനകൾക്ക് വേണ്ടി ഹാജർ ആയ കെ പരമേശ്വർ, സൈബി ജോസ്, ആബിദ് അലി ബീരാൻ എന്നിവർ വാദിച്ചു. ട്രേഡ് യൂണിയൻ ആക്ടും, കോമ്പറ്റീഷൻ ആക്ടും തമ്മിൽ ചില വൈരുധ്യങ്ങൾ ഉണ്ടെങ്കിലും, തങ്ങൾ ഇപ്പോൾ ഈ വിഷയത്തിൽ ഇടപെടുന്നില്ല എന്ന് കോടതി വ്യക്തമാക്കി. കേസിലെ വസ്തുതകൾ വിനയന് അനുകൂലം ആണെന്ന് ജസ്റ്റിസ് റോഹിങ്ടൻ നരിമാന്റെ അധ്യക്ഷതയിൽ ഉള്ള ബെഞ്ച് ചൂണ്ടിക്കാട്ടി.
എന്നാൽ വ്യക്തിപരമായ പ്രശ്നമല്ലെന്നാണ് ബി. ഉണ്ണികൃഷ്ണൻ്റെ പ്രതികരണം. തൊഴിലാളി സംഘടനകൾ കോമ്പറ്റീഷൻ കമ്പനിയുടെ അധികാര പരിധിയിൽ വരുന്നില്ല. നിയമപരമായ പ്രശ്നമാണ് സുപ്രീം കോടതിയിൽ ചോദ്യം ചെയ്തതെന്നും ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.
വിനയന് വേണ്ടി അഭിഭാഷകൻ ഹർഷദ് ഹമീദ് ആണ് സുപ്രീം കോടതിയിൽ ഹാജരായത്.തിരിച്ചുവരവിൽ രണ്ട് ചിത്രങ്ങളാണ് വിനയൻ്റേതായി തിയറ്ററുകളിൽ എത്തിയത്. കലാഭവൻ മണിയുടെ ജീവിതത്തെ ആസ്പദമാക്കിയ ചാലക്കുടിക്കാരൻ ചങ്ങാതിയും വിനയൻ്റെ തന്നെ സൂപ്പർ ഹിറ്റ് ചിത്രം ആകാശഗംഗയുടെ രണ്ടാം ഭാഗവും. ചാലക്കുടിക്കാരൻ ചങ്ങാതി ഹിറ്റായപ്പോൾ ആകാശഗംഗ തിയേറ്ററിൽ ശരാശരി വിജയത്തിൽ ഒതുങ്ങി. പത്തൊൻപതാം നൂറ്റാണ്ട് എന്ന പേരിൽ പ്രമുഖരെ അണിനിരത്തി സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഫെഫ്കയും സംഘനകളും വിനയനെതിരെ കോടതിയെ സമീപിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button