ലൈഫ് മിഷൻ ധാരണാപത്രം സർക്കാർ മലക്കം മറിയുന്നു.

ലൈഫ് മിഷൻ പദ്ധതിയുടെ പാർപ്പിട പേരിലുള്ള വിവാദങ്ങൾക്കിടെ വടക്കാഞ്ചേരിയിൽ സമുച്ചയം പണിയാൻ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ലൈഫ് മിഷൻ സിഇഒ ഒപ്പിട്ട ധാരണാപത്രം ആരാണ് തയാറാക്കിയതെന്ന് അറിയില്ലെന്ന് വിവരാവകാശ മറുപടി. ഉത്തരവ് തയ്യാറാക്കിയത് ആരാണെന്ന് പോലും ലൈഫ് മിഷന് അറിയില്ല. ഇത് പുതിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വീണ്ടും വഴിതെളിച്ചിരിക്കുകയാണ്. ലൈഫ് മിഷിയനുമായി ബന്ധപെട്ടു സി ബി ഐ അന്വേഷണം ഉറപ്പായിരിക്കുന്ന സാഹചര്യത്തിലാണ് ഈ വിവരാവകാശ മറുപടി.
ജൂലൈയിൽ തദ്ദേശ സെക്രട്ടറി ലൈഫ് മിഷന് അയച്ച കത്തിൽ റെഡ് ക്രസന്റാണ് ധാരണാപത്രം തയാറാക്കിയതെന്നു വ്യക്തമാക്കിയിട്ടും അതറിയില്ലെന്ന നിലപാടിലാണ് അവർ. ധാരണാപത്രം ഒപ്പിട്ട ജൂലൈ 11നു രാവിലെ തദ്ദേശസെക്രട്ടറിയുടെ കത്ത് ലഭിച്ചപ്പോൾ മാത്രമാണ് ഇതിനെക്കുറിച്ച് സിഇഒ: യു.വി.ജോസ് അറിഞ്ഞതെന്നും വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നു.

ഈ ചടങ്ങിന്റെ മിനിറ്റ്‌സ് ലഭിച്ചിട്ടില്ലെന്നും ലൈഫ് മിഷൻ അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മിനിറ്റ്‌സ് ആവശ്യപ്പെട്ടെങ്കിലും ഇല്ലെന്നായിരുന്നു മറുപടി. ഇത്രയും പ്രധാനമായ പരിപാടിക്ക് എന്തുകൊണ്ട് മിനിറ്റ്‌സ് ഇല്ലാതെ പോയെന്ന ചോദ്യത്തിനും ഉത്തരമില്ല. അങ്ങനെ സർവ്വത്ര ദുരൂഹമാണ് ഈ പദ്ധതി. ധാരണാപത്രത്തിനു ശേഷം ഓരോ പദ്ധതിക്കും പ്രത്യേക കരാർ വേണമെന്നു വ്യവസ്ഥയുണ്ടെങ്കിലും അതും ഉണ്ടായിട്ടില്ല. സംയുക്തമായി നടപ്പാക്കുന്ന പദ്ധതികൾക്കും വ്യത്യസ്തമായ നിബന്ധനകളാണുള്ളതെന്നാണു വിശദീകരണം. ധാരണാപത്രത്തിലെ ആറാം അനുച്ഛേദ പ്രകാരം റെഡ് ക്രസന്റ് നേരിട്ട് നടപ്പാക്കുന്ന പദ്ധതിക്കു തുടർകരാർ വേണ്ടെന്നാണു വാദം.
യു.എ.ഇ റെഡ്ക്രസന്റ് സഹകരണത്തോടെ നടപ്പാക്കുന്ന വടക്കാഞ്ചേരിയിലെ ലൈഫ്മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ സംസ്ഥാന സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും സിബിഐ അന്വേഷണത്തിന് സാധ്യതയേറി. ഇതിനിടെയാണ് വിചിത്ര വിവരാവകാശ രേഖയും പുറത്തു വരുന്നത്. ലൈഫ് മിഷൻ കരാർ കേന്ദ്ര വിദേശകാര്യ മന്ത്രാലയം പരിശോധിക്കുന്നുണ്ട്. അന്വേഷണം നടക്കുകയാണെന്നും റെഡ് ക്രെസന്റുമായുണ്ടാക്കിയ ധാരണാപത്രം ഉൾപ്പെടെയുള്ളവയുടെ നിയമവശം പരിശോധിക്കുകയാണെന്നും മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
കേന്ദ്ര വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങൾ കേരളം ഈ വിഷയത്തിൽ പ്രോട്ടോകോൾ ലംഘനം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ആ സാഹചര്യത്തിൽ സിബിഐ അന്വേഷണത്തിന് അനുകൂല നിലപാടിലാണ് ഈ വകുപ്പുകളും. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങൾ എൻ.ഐ.എ, എൻഫോഴ്‌സ്‌മെന്റ് ഏജൻസികളിൽനിന്ന് സിബിഐ ശേഖരിച്ചു തുടങ്ങി. 20 കോടി രൂപയുടെ പദ്ധതിയിൽ ഒമ്പതു കോടിയുടെ അഴിമതി നടന്നതായി അനിൽ അക്കര എംഎൽഎ സിബിഐ കൊച്ചി യൂനിറ്റ് എസ്‌പിക്കും പരാതി നൽകിയിട്ടുണ്ട്