ഓര്‍മയില്‍ മായാത്ത ഇടിത്തീ; പൊലിഞ്ഞത് 35 മനുഷ്യ പ്രാണന്‍
പാലക്കാട്: പ്രകൃതി രൗദ്രഭാവം അണിയുമ്പോള്‍ ഭൂമിയില്‍ സര്‍വ്വതും നശിക്കും. പ്രളയം, സുനാമി അങ്ങനെ എത്ര തരത്തില്‍ പ്രകൃതി നമ്മളോട് പ്രതികാരം ചെയ്തിട്ടുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ ഇടിമിന്നലിലൂടെയും പ്രകൃതി പകരം വീട്ടുന്നത്. ഇടിമിന്നലിന്റെ ഭീകരതയില്‍ മൂന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലായി കഴിഞ്ഞ ദിവസം എഴുപതോളം പേര്‍ മരിച്ചു. ഈ വാര്‍ത്ത കേട്ട നമ്മുക്ക് ഞെട്ടലാണുണ്ടായത്. എന്നാല്‍ ഇതിലും ദാരുണമായ മിന്നല്‍ അപകടം വര്‍ഷങ്ങള്‍ക്കു മുന്‍പു കൃത്യമായി പറഞ്ഞാല്‍ 1973 ഏപ്രില്‍ 4ന് നമ്മുടെ നാട്ടിലും സംഭവിച്ചിട്ടുണ്ട്.
പാലക്കാടിന്റെ ഓര്‍മയില്‍ മായാത്ത ഇടിത്തീയായിരുന്നു അത്. അന്ന് ആ മിന്നലില്‍ പൊലിഞ്ഞത് നിരവധി ജീവനാണ്. പാലക്കാട് മംഗലം ഡാമിനടുത്തുള്ള കടപ്പാറയിലെ തോട്ടത്തിലുണ്ടായ ആ ഇടിത്തീയില്‍ 35 പേരാണ്, വെന്തെരിഞ്ഞത്. അതില്‍ 34 പേരും 25 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളുമായിരുന്നു. ഇരുന്നൂറോളം തൊഴിലാളികള്‍ സ്ഥിരമായി അവിടെ കപ്പ കൃഷി ചെയ്തുവരികയായിരുന്നു. ചാലക്കുടിക്കാരന്റെതായിരുന്നു തോട്ടം. തൊഴിലാളികള്‍ക്കായി നിര്‍മ്മിച്ച പാടിയില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികള്‍ പിന്നീട് കണ്ണു തുറന്നില്ല.
അന്ന് നെന്മാറ വേലയായിരുന്നു . നാട്ടുകാരില്‍ പലരും വേലയ്ക്കു പോയിരുന്നു. അതിനാല്‍ തന്നെ അപകടതോത് കുറഞ്ഞു. അപകടം നടന്നതിന്റെ ഞെട്ടലില്‍ നിന്ന് മാറാത്ത പലര്‍ക്കും പറയാനുള്ളത് മരണത്തിന്റെ വായില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെയും എരിഞ്ഞുകൊണ്ടിരിക്കുന്ന ചാരത്തിന്റെയും കുറേ എല്ലിന്‍ കഷണങ്ങളുടെയും ഓര്‍മ്മകളാണ്.35 പേരാണ് ഔദ്യോഗിക രേഖകള്‍ പ്രകാരം മരിച്ചത്. ഒരാളുടെ പോലും മൃതദേഹം കിട്ടിയില്ല.ലോഡ് കൊണ്ടുപോകാനെത്തിയ ലോറികളിലാണു പരുക്കേറ്റവരെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. പരുക്കേറ്റവരില്‍ ചിലര്‍ പിന്നീട് ആശുപത്രിയിലും മരിച്ചു. അവരുടെ കണക്കൊന്നും എവിടെയും വന്നിട്ടില്ല. കത്തിക്കരിഞ്ഞ അവശിഷ്ടങ്ങള്‍ പിറ്റേന്ന് അവിടെത്തന്നെ കുഴിയെടുത്തു മൂടുകയായിരുന്നു.
അന്നത്തെ അപകടത്തില്‍ രക്ഷപ്പെട്ട തൊഴിലാളികളെല്ലാം അന്നേ മലയിറങ്ങി കപ്പ കൃഷിക്ക് പകരം ഇപ്പോള്‍ ആ പ്രദേശത്തു റബര്‍ തോട്ടങ്ങളാണ്. കാട് വെട്ടിത്തെളിച്ച സംഥലം പിന്നീട് കൃഷിയോഗ്യമാക്കുകയായിരുന്നു. അതിനാല്‍ തന്നെ തോട്ടത്തില്‍ വന്യമൃഗശല്യം രൂക്ഷമായിരുന്നു. കാട്ടുപന്നിയാണു കൂടുതലും. തോട്ട പൊട്ടിച്ചാണ് അവയെ ഓടിച്ചിരുന്നത്. ഇതിനുള്ള വെടിമരുന്ന് പാടിയില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു.
ഓലമേഞ്ഞ പാടിയില്‍ മിന്നലേറ്റു തീപിടിച്ചപ്പോള്‍ വെടിമരുന്നിലേക്കു കൂടി തീപടര്‍ന്നതാകാം വലിയ സ്‌ഫോടനത്തിനു കാരണമായതെന്ന സംശയവും പിന്നീട് നാട്ടുകാരില്‍ ചിലര്‍ പറഞ്ഞിരുന്നു. മിന്നല്‍ മാത്രമാണു കാരണമെങ്കില്‍ ഇത്രവലിയ സ്‌ഫോടനമുണ്ടാകുമോ, മൃതദേഹങ്ങള്‍ ചാരംമാത്രം അവശേഷിക്കുന്ന വിധത്തില്‍ കത്തിക്കരിയുമോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു.