Editor's ChoiceKerala NewsLatest NewsLocal NewsNationalNewsPolitics

പഠിച്ച പണി പതിനെട്ടും പയറ്റിയ ജോസഫിന്റെ രാഷ്ട്രീയ ചവിട്ടു നാടകങ്ങൾ ഒന്നും ഏശിയില്ല.

കെ എം മാണി ഉണ്ടാക്കിയ പാർട്ടിയുടെ ചിഹ്നം മാണി മരണപെട്ടതോടെ കക്ഷത്താക്കി, മാണി കോൺഗ്രസിനെ വട്ടം കറക്കിയ ജോസഫ് ഗ്രൂപ്പിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം അപ്രതീക്ഷിത ഇരുട്ടടി തന്നെയായി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിൽ പഠിച്ച പണി പതിനെട്ടും പയറ്റിയ ജോസഫിന്റെ രാഷ്ട്രീയ ചവിട്ടു നാടകങ്ങൾ ഒന്നും അവിടെ ഏശിയില്ല. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിധിയിലൂടെ ചിഹ്നം മാത്രമല്ല, യഥാർത്ഥ കേരള കോൺഗ്രസ് എം പാർട്ടിയെ കൂടിയാണ് ജോസഫിന് നഷ്ടമായിരിക്കുന്നത്.
മാണിയുടെ മരണത്തോടെ പാർട്ടിയെ ഒന്നടങ്കം സ്വന്തമാക്കാനുള്ള ജോസഫിന്റെയും അനുയായികളുടെയും നീക്കങ്ങൾ പാർട്ടി ചിഹ്നത്തിനായുള്ള അങ്കം മുതലാണ് ശക്തിയാർജിക്കുന്നത്. പ്രസ്താവന യുദ്ധങ്ങൾ, പാലാ ഉപതെരഞ്ഞെടുപ്പിൽ മാണിയുണ്ടാക്കിയ പാർട്ടിയുടെ ചിഹ്നം മാണിയുടെ തട്ടകത്തിലെ സ്ഥാനാർത്ഥിക്ക് കൊടുക്കില്ലെന്ന നിർബന്ധ ബുദ്ധിയിൽ വരെ എത്തിയപ്പോൾ ജോസഫ്ഉം ജോസ് കെ മാണി വിഭാഗവും രണ്ടായി
ഇഴ പിരിയുകയായിരുന്നു. അതോടെയാണ് ആരാണ് യഥാർത്ഥ കേരള കോൺഗ്രസ് എന്ന തർക്കവും, ചിഹ്നത്തിന് ആരാണ് അർഹർ എന്നതിനെപ്പറ്റിയും തർക്കം ഉണ്ടാവുന്നത്.

കേരള കോണ്‍ഗ്രസ് രണ്ടില ചിഹ്നത്തെ ചൊല്ലിയുള്ള തർക്കത്തിൽ ഒടുവിൽ ജോസ്.കെ.മാണിക്ക് അനുകൂലമായി ചിഹ്നവും പദവിയും അനുവദിച്ചുകൊണ്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് പുറപ്പെടുവയ്ക്കുകയായിരുന്നു. പാര്‍ട്ടിയുടെ പേരും ജോസ് കെ മാണിക്കായിരിക്കും. ഇതോടെ ദീർഘനാളായി തുടരുന്ന ജോസ് – ജോസഫ് തര്‍ക്കത്തില്‍ ജോസ്.കെ.മാണിക്ക് നിര്‍ണായക നേട്ടമായി.
ഇരുവിഭാഗവും ഏറെനാളായി ചിഹ്നത്തിനായി പോരാടുകയായിരുന്നു. തർക്കത്തിന്റെ ഭാഗമായി കഴിഞ്ഞ പാലാ ഉപ തെരഞ്ഞെടുപ്പിൽ ജോസ്.കെ.മാണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നം അനുവദിച്ചിരുന്നില്ല. തർക്കത്തിന്റെ ഭാഗമായി മാണിയുടെ സ്ഥിരം കോട്ടയായിരുന്ന പാലായിൽ ജോസ്.കെ.മാണിയുടെ സ്ഥാനാർത്ഥി പരാജയപ്പെടുകയും മാണി.സി.കാപ്പൻ വിജയം കൊയ്യുകയും ചെയ്തു.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലെ മൂന്ന് അംഗങ്ങളില്‍ രണ്ടുപേരുടെ പിന്തുണയോടെയാണ് ചിഹ്നം ജോസ്.കെ.മാണി വിഭാഗത്തിന് നല്‍കാന്‍ തീരുമാനിച്ചത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി കമ്മീഷന്റെ തീരുമാനം ജോസ്.കെ.മാണിക്ക് വലിയ ആത്മവിശ്വാസവും ധൈര്യവും ആണ് നൽകിയിരിക്കുന്നത്. ഒരു പാർട്ടി ചിഹ്നത്തിന്റെ കാര്യത്തിൽ രാജ്യത്ത് ഒരു തർക്കം ഉണ്ടായാൽ അതിനു അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ്. ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുക്കേണ്ടതും കമ്മീഷൻ തന്നെയാണ്. ചിഹ്നവും പാർട്ടിയും സ്വന്തമാക്കിയ കേരള കോൺഗ്രസ് എം നെ കയ്ച്ചിട്ടു ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും കഴിയാത്ത അവസ്ഥയിലാണ് ഇപ്പോൾ യു ഡി എഫ്. ജോസഫ് വിഭാഗവുമായി അടുത്ത് ബന്ധമുള്ള കോട്ടയത്തെ ചില കോൺഗ്രസ് നേതാക്കളുടെ താല്പര്യങ്ങൾക്ക് വഴങ്ങിയാണ് ജോസ് വിഭാഗത്തിനെതിരെ യു ഡി എഫ് നേതൃത്വം ചില രാഷ്ട്രീയ കരുക്കൾ നീക്കിയിരുന്നത്. അതെല്ലാം വെള്ളത്തിലായെന്നു മാത്രമല്ല, തീർത്തും വെട്ടിലായിരിക്കുകയാണ് യു ഡി എഫ് ഇപ്പോൾ. ചിഹ്നവും, പാർട്ടിയും കൈപ്പിടിയിൽ വെച്ചിരുന്ന ജോസഫിനെയായിരുന്നു, കോട്ടയത്തെ കോൺഗ്രസ് നേതാക്കളും, യു ഡി എഫ് നേതൃത്വവും ഇഷ്ടപ്പെട്ടിരുന്നത്. അതുകൊണ്ടായിരുന്നു ജോസഫിനെ രാഷ്ട്രീയമായി നേട്ടമിണ്ടാക്കാൻ ഉപയോഗിക്കാമെന്ന് കണക്ക് കൂട്ടിയിരുന്നത്. അതെല്ലാം ഇപ്പോൾ വെള്ളത്തിൽ വരച്ച വരപോലെയായി.

ചിഹ്നവും പാര്‍ട്ടിയും കിട്ടിയതോടെ ജോസ്‍ പക്ഷം കൂടുതല്‍ കരുത്തുള്ളവരായി. സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തില്‍ പാര്‍ട്ടി വിപ് ലംഘിച്ചതിന്‍റെ പേരില്‍ പി.ജെ ജോസഫിനേയും മോന്‍സ് ജോസഫിനേയും അയോഗ്യരാക്കാന്‍ ജോസ് പക്ഷം സ്പീക്കർക്ക് കത്ത് നൽകണമെന്നാണ് പാർട്ടിയിലെ ബഹുഭൂരി ‌പക്ഷത്തിന്റെയും അഭിപ്രായം. ഒരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് പാർട്ടിക്കുള്ളിലെ വികാരം. യഥാര്‍ഥ കേരള കോണ്‍ഗ്രസ് എം ആരെന്ന കാര്യത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിധി വന്നതോടെ ഇക്കാര്യത്തില്‍ സ്പീക്കര്‍ക്കും തീരുമാനമെടുക്കേണ്ടിവരും. എന്നാല്‍ ഈ വിധി ഉപയോഗിച്ച് എം.എല്‍.എമാരെ അയോഗ്യരാക്കാന്‍ ആകില്ലെന്നാണ് ജോസഫ് പക്ഷം ഇതിനു മറുപടി പറയുന്നത്. വിധി പുനഃപരിശോധിക്കാനായി ജോസഫ് ഹർജി നൽകുന്നുണ്ട്. പക്ഷെ, അതിനിടെയുള്ള കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തിന്‍റെ നിയമപരമായ തുടര്‍ നീക്കങ്ങള്‍ നിര്‍ണായകമാകും. തദ്ദേശ തിരഞ്ഞെടുപ്പ് വരാനിരിക്കെ കേരള കോൺഗ്രസ് ഏത് മുന്നണിക്കൊപ്പം നിൽക്കും എന്നതും നിർണ്ണായകം തന്നെയാണ്.

അവിശ്വാസ പ്രമേയത്തില്‍ നിന്ന് വിട്ടുനിന്ന ജോസ് പക്ഷത്തെ മുന്നണിയില്‍ പുറത്താക്കാന്‍ വ്യാഴാഴ്ച യുഡിഎഫ് യോഗം വിളിച്ചിരിക്കുകയായിരുന്നു. പുതിയ സാഹചര്യത്തില്‍ ജോസ് പക്ഷത്തോടുള്ള സമീപനം യു ഡി എഫ് മുന്നണി പുനഃപരിശോധിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. എൽ ഡി എഫ് ജോസ് വിഭാഗത്തെ കൈനീട്ടി വിളി തുടങ്ങിയ സാഹചര്യത്തിൽ ജോസ് വിഭാഗത്തെ നഷ്ടപ്പെട്ടാൽ
മുന്നണിയിൽ നിന്ന് കേരള കോൺഗ്രസ് എമ്മിനെയും, ചിഹ്നവും കൂടിയാവും യു ഡി എഫിന് നഷ്ടപ്പെടുക. ജോസ് പക്ഷത്തെ ഒപ്പം കൂട്ടാനുള്ള നീക്കം ഇടതുമുന്നണിയും ശക്തമാക്കിയിരിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കരുതലോടെയായിരിക്കും ജോസ്‍ പക്ഷത്തിന്‍റെ നീക്കം. വിധിക്കെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്ന അപ്പീലിലാണ് ജോസഫ് പക്ഷത്തിന്‍റെ പൂർണ്ണ പ്രതീക്ഷ ബാക്കി നിൽക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button