സംസ്ഥാനത്ത് മദ്യവിൽപ്പന ഉടൻ ഓൺലൈൻ സംവിധാനത്തിലേക്ക്; പ്രത്യേക മൊബൈൽ ആപ്പ്
സംസ്ഥാനത്ത് മദ്യവിൽപ്പന ഉടൻ ഓൺലൈൻ സംവിധാനത്തിലേക്ക്. ഇതിനായി ബെവ്‌കോ പ്രത്യേക മൊബൈൽ ആപ്പ് തയ്യാറാക്കി. ഓൺലൈൻ മദ്യവിൽപ്പനയ്ക്കുള്ള ശിപാർശ സർക്കാർ ബെവ്‌കോയ്ക്ക് കൈമാറി. ഡെലിവറി സേവനത്തിന് സ്വിഗ്ഗി ഉൾപ്പെടെ ഒൻപത് കമ്പനികൾ താൽപ്പര്യം അറിയിച്ചു.
സംസ്ഥാനത്ത് രാസലഹരി ഉപയോഗം വർധിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം വരുന്നത് എന്നാണ് ബെവ്‌കോ വൃത്തങ്ങൾ പറയുന്നത്. ഓൺലൈൻ വഴി ലഭ്യമാകുക വീര്യം കുറഞ്ഞ മദ്യമായിരിക്കും. എങ്കിലും, ഓൺലൈൻ വിൽപ്പനയ്ക്കായി സംസ്ഥാനം പൂർണമായും തയ്യാറാണോ എന്ന കാര്യത്തിൽ സംശയമുള്ളതായി എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് അടുത്തിടെ പറഞ്ഞിരുന്നു. അതിനാൽ, കൂടുതൽ ചർച്ചകൾക്ക് ശേഷം മാത്രമേ സർക്കാർ ശിപാർശ അംഗീകരിക്കുകയുള്ളു.
ഓൺലൈൻ ഡെലിവറിക്ക് 23 വയസ് പൂർത്തിയായിരിക്കണം എന്നതാണ് ബെവ്‌കോ നിശ്ചയിക്കുന്ന പ്രധാന നിബന്ധന. പ്രായം തെളിയിക്കുന്ന രേഖകളും നിർബന്ധമായും ഹാജരാക്കണം. വിനോദസഞ്ചാരികൾ ഉൾപ്പെടെ വീര്യം കുറഞ്ഞ മദ്യം ലഭ്യമാക്കണമെന്ന ആവശ്യം ഉയർന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ഓൺലൈൻ വിൽപ്പന സംബന്ധിച്ച് ബെവ്‌കോ മൂന്നു വർഷം മുൻപും സർക്കാരിനോട് അനുമതി തേടിയിരുന്നെങ്കിലും അന്ന് അത് നിരസിക്കപ്പെട്ടിരുന്നു.
Tag: Liquor sales in the state will soon go online; special mobile app