ജീവനുള്ള കോഴികളെ കൊണ്ടുവന്ന് പീഡിപ്പിച്ചു; മഹിളാ മോർച്ച നടത്തിയ പ്രതിഷേധത്തിനെതിരെ പരാതി
പൂവൻകോഴിയുമായി രാഹുൽ മാങ്കൂട്ടത്തിന്റെ പാലക്കാട്ടെ എംഎൽഎ ഓഫീസിന് മുന്നിൽ മഹിളാ മോർച്ച നടത്തിയ പ്രതിഷേധത്തിനെതിരെ പരാതി. കോൺഗ്രസ് പ്രവർത്തകനും മൃഗസ്നേഹിയുമായ മച്ചിങ്ങൽ ഹരിദാസ് നൽകിയ പരാതിയിൽ, ജീവനുള്ള കോഴികളെ കൊണ്ടുവന്ന് പീഡിപ്പിച്ചുവെന്നാണ് ആരോപണം. ഇന്നലെ നടന്ന പ്രതിഷേധത്തിലാണ് സംഭവം.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ച രാഹുൽ മാങ്കൂട്ടത്തിനെതിരെ സംസ്ഥാനത്ത് യുവജന സംഘടനകൾ ശക്തമായ പ്രതിഷേധം തുടരുകയാണ്. അതിന്റെ ഭാഗമായി മഹിളാ മോർച്ച പ്രവർത്തകർ ‘ഹു കെയേഴ്സ്’ എന്ന് എഴുതി പിടിപ്പിച്ച പൂവൻകോഴിയുടെ ചിത്രങ്ങൾ ഉയര്‍ത്തികാട്ടി എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു. പ്രതിഷേധക്കാർ കൈയിൽ കരുതിയിരുന്ന രണ്ട് പൂവൻകോഴികളെ പറത്തിവിട്ടു. പൊലീസ് ബാരിക്കേഡ് വെച്ച് മാർച്ച് തടഞ്ഞതിനെ തുടർന്ന് സംഘർഷവും ഉണ്ടായതായി റിപ്പോർട്ട്. എംഎൽഎ ബോർഡിൽ ഒരു കോഴിയെ കെട്ടിത്തൂക്കിയതായും, അത് മരിച്ചതായും ആരോപണമുണ്ട്.
“സമരം നടത്താനുള്ള അവകാശം എല്ലാവർക്കുമുണ്ടെങ്കിലും, ജീവനുള്ള ഒരു മൃഗത്തെ കൊണ്ടുവന്ന് വഴിയിൽ ഉപേക്ഷിക്കുന്നത് തെറ്റാണ്,” എന്നാണ് പരാതിക്കാരനായ മച്ചിങ്ങൽ ഹരിദാസ് ട്വന്റിഫോറിനോട് വ്യക്തമാക്കിയത്.
Tag: Live chickens brought in and tortured; Complaint filed against Mahila Morcha’s protest