CinemaLatest NewsMovieUncategorized

‘ലൂസിഫറിൽ അലോഷി ചതിച്ചു എന്നറിഞ്ഞ ശേഷമുള്ള രംഗം ഷൂട്ട് ചെയ്യുമ്പോള്‍ ലാലേട്ടൻ അങ്ങനെ ചെയ്തു’; ഷൂട്ടിങ് അനുഭവം പങ്കുവെച്ച്‌ മുരളീ ഗോപി

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ മലയാളത്തിന്റെ ബോക്‌സ് ഓഫീസ് ഇളക്കിമറിച്ച ചിത്രമായിരുന്നു. മുരളി ഗോപിയുടെ തിരക്കഥയിൽ പിറന്ന ചിത്രവും മോഹൻലാലിന്റെ സ്റ്റീഫൻ നെടുമ്പള്ളിയെന്ന കഥാപാത്രവും ആരാധകർ ഏറ്റെടുത്തു.

ലൂസിഫർ എന്ന ചിത്രത്തിന്റെ തിരക്കഥ ഒരിക്കലും മോഹൻലാൽ എന്ന നടനെ മനസിൽ കണ്ട് താൻ എഴുതിയതായിരുന്നില്ലെന്നും മനസ്സിൽ രൂപീകൃതമാകുന്നതിന്റെ പാതിവഴിയിൽ സ്റ്റീഫൻ നെടുമ്പള്ളി ആയി മോഹൻലാലിനെ അല്ലാതെ ആരെയും ചിന്തിക്കാനാകാത്ത ഘട്ടം പിന്നീട് വന്നെന്നും നേരത്തെ മുരളി ഗോപി പറഞ്ഞിരുന്നു.

‘ലൂസിഫറി’ന്റെ ഷൂട്ട് തുടങ്ങും മുൻപ് സ്റ്റീഫൻ നെടുമ്പള്ളിയുടെ സ്വഭാവം എന്താണ് എന്ന് ലാലേട്ടൻ തന്നോടു ചോദിച്ചിരുന്നെന്നും ‘അകത്ത് അഗ്നിപർവതം എരിയുമ്പോഴും പുറത്ത് അതൊന്നും പ്രകടിപ്പിക്കാതെ ആർദ്രതയോടെ, ശാന്തനായി നിലകൊള്ളുന്ന ഒരു മഞ്ഞുമല’ എന്നാണ് താൻ പറഞ്ഞതെന്നും മുരളി ഗോപി പറയുന്നു.

രണ്ടു മൂന്നവസരങ്ങളിൽ മാത്രമാണ് സ്റ്റീഫന്റെ കണ്ണുകളിൽ ക്ഷോഭം തെളിയുന്നത്. ഷാജോണിന്റെ കഥാപാത്രം അലോഷി കൂടെ നിന്നു ചതിക്കുന്നതു തിരിച്ചറിഞ്ഞ ശേഷമുള്ള സീനിൽ സ്റ്റീഫൻ ചോദിക്കുന്നു. ‘ കുഞ്ഞിന് സുഖമല്ലേ.’ ആ ഷോട്ടെടുക്കുമ്പോൾ കുഞ്ഞിന് എന്നതിനു ശേഷം ലാലേട്ടൻ ഒരു സെക്കൻഡ് നിർത്തി. ആ നിമിഷം കണ്ണിമ ചിമ്മാതെ ചെറിയ മുഖചലനം. അടുത്ത നിമിഷത്തിലാണ് ‘സുഖമല്ലേ.’ എന്നു ചോദ്യം പൂർത്തിയാക്കുന്നത്.

ആ മുഖചലനമാണ് ആ രംഗത്തിന്റെ ഭംഗി. എഴുത്തുകാരനെയും സംവിധായകനെയും മനസ്സിലാക്കി തിരക്കഥയുടെ ഉൾക്കാമ്പറിഞ്ഞ് അഭിനയിക്കുന്നതാണ് ആ പ്രതിഭയുടെ മികവ്,’ മുരളി ഗോപി പറഞ്ഞു.

താൻ തിരക്കഥയെഴുതുന്ന ചിത്രങ്ങളിലൊന്നും നായകരായി ആരേയും കണ്ടല്ല എഴുത്ത് തുടങ്ങുന്നതെന്നും എഴുതി വരുമ്പോൾ ആ കഥാപാത്രം ഈ ആർട്ടിസ്റ്റ് ചെയ്താൽ നന്നാകും എന്ന് തോന്നുകയാണെന്നും മുരളി ഗോപി പറയുന്നു.

‘ലൂസിഫറും അങ്ങനെ സംഭവിച്ചതാണ്. ലാലേട്ടനു വേണ്ടിയല്ല എഴുതി തുടങ്ങിയത്. മനസ്സിൽ രൂപീകൃതമാകുന്നതിന്റെ പാതിവഴിയിൽ സ്റ്റീഫൻ നെടുമ്പള്ളി ആയി മോഹൻലാലിനെ അല്ലാതെ ആരെയും ചിന്തിക്കാനാകാത്ത ഘട്ടം വരികയായിരുന്നെന്നും മുരളി ഗോപി പറഞ്ഞു.

‘ലൂസിഫറി’ലും ‘ദൃശ്യം ടു’വിലുമാണ് ലാലേട്ടനൊപ്പം വർക്ക് ചെയ്തത്. ശരിക്കും ജ്യേഷ്ഠനെ പോലെയാണ് അദ്ദേഹം. ഒരു പാട് അടുപ്പമുള്ള സുഹൃത്തിനെ പോലെ എത്ര ഭംഗിയായാണ് അദ്ദേഹം നമ്മളോട് ഇടപെടുന്നത്. ആ സ്‌നേഹം കൊണ്ടാകും മലയാളികൾ ലാലേട്ടനു മാത്രമായി ഹൃദയത്തിൽ ചിരമായ ഒരു സ്ഥാനം നൽകിയതെന്ന് തോന്നിയിട്ടുണ്ട്, മുരളി ഗോപി പറഞ്ഞു.

ഓരോ സിനിമയ്ക്കും ഓരോ വിധിയുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും അതോർത്ത് ടെൻഷൻ അടിക്കാതെ ചെയ്യുന്ന ജോലികൾ ആത്മാർഥമായി ചെയ്യണമെന്നാണ് ചിന്തയെന്നും മുരളി ഗോപി പറഞ്ഞു.

മുരളി ഗോപി-പൃഥ്വിരാജ് കൂട്ടുകെട്ട് ഹിറ്റാണല്ലോ എന്ന ചോദ്യത്തിന് അങ്ങനെ ഒരു കൂട്ടുകെട്ടിന്റെ മാത്രം ആളാന്നുമല്ല താനെന്നും ക്രിയേറ്റീവ് റാപ്പോ ഉള്ളവരുമായി ജോലി ചെയ്യാനാണ് തനിക്ക് താൽപര്യമെന്നും രാജുവുമായി അതുണ്ടെന്നുമായിരുന്നു മുരളി ഗോപിയുടെ മറുപടി.

തിരക്കഥാകൃത്താണ് ഒരു സിനിമയുടെ അമ്മ. സംവിധായകൻ വളർത്തമ്മയാണ്. നമ്മുടെ കുഞ്ഞിനെ ആ അമ്മയാണ് നന്നായി വളർത്തേണ്ടത്. രാജുവും ഇന്ദ്രനുമെല്ലാം സുഹൃത്തുക്കളാണ്. സിനിമയുടെ ഗ്ലാമറിലും ആഘോഷങ്ങളിലും വിശ്വസിക്കുന്ന ആളല്ല താനെന്നും മുരളി ഗോപി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button