മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ് അന്വേഷണം തകിടം മറിയുന്നു,പ്രദീപ് കുമാറിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും.

കൊച്ചി / നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിലായ കെ ബി ഗണേശ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധി പറയും. നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ കെട്ടിച്ചമച്ച കേസാണിതെന്നും,അതിനാൽ ജാമ്യം നൽകണമെന്നുമാണ് പ്രദീപ് കുമാർ ജാമ്യാപേക്ഷയിൽ മുഖ്യമായും ഉന്നയിച്ചിട്ടുള്ളത്. ഇതിനെ എതിർത്ത പ്രോസിക്യൂഷൻ, പ്രതിയ്ക്ക് ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാനും, കൂടുതൽ സാക്ഷികളെ സ്വാധീനിക്കാനും സാദ്ധ്യതയുണ്ടെന്ന് വാദിച്ചിട്ടുണ്ട്. 2020 ജനുവരി 28നാണ് കേസിലെ മാപ്പുസാക്ഷിയായ ബേക്കൽ മലാംകുന്നിലെ വിപിൻലാലിലെ പ്രദീപ് കുമാർ ഭീഷണിപ്പെടുത്തിയ സംഭവം ഉണ്ടാകുന്നത്. ദിലീപിന് അനുകൂലമായി മൊഴി നൽണമെന്നായിരുന്നു ഇയാളുടെ ആവശ്യം. എന്നാൽ പ്രദീപ് കുമാറിനെ പത്തനാപുരത്ത് എത്തി അറസ്റ്റ് ചെയ്തശേഷം എടുത്ത മൊഴിയുടെ വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തുകയോ കോടതിയിൽ പറയുകയോ ചെയ്തിട്ടില്ല. പ്രദീപിനെ വി ഐ പി പരിഗണയാണ് പോലീസ് നൽകിയിരുന്നത്. ഇടതുപക്ഷ എം എൽ എ ഗണേഷ് കുമാറിന്റെ പി എ ആയതിനാൽ ആയിരുന്നു ഇതെന്നും ഇക്കാര്യത്തിൽ ആരോപണം ഉണ്ട്. പ്രദീപിന്റെ മൊഴികൾ പുറത്തുവിടാത്തത് ഗൂഡാലോചനക്ക് പിന്നിൽ പ്രവർത്തിച്ച ഉന്നതരെ രക്ഷിക്കാനാണെന്ന ആരോപണം ശക്തമായിട്ടുണ്ട്. പ്രദീപിന് ദിലീപുമായുള്ള ബന്ധം എന്നത് ഗണേഷ് കുമാർ വഴിയാണ്. ഗണേഷ്‌കുമാർ പറയാതെ ദിലീപ് ഒന്നും ചെയ്യില്ലെന്ന് അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ കേരള കോൺഗ്രസ് ബി മുൻ നേതാവ് ശരണ്യ മനോജ് വെളിപ്പെടുത്തിയിരുന്നതുമാണ്. പ്രദീപിന്റെ അറസ്റ്റിനു ശേഷം നടിയെ ആക്രമിച്ച കേസിലെ മാപ്പു സാക്ഷിയെ ഭീക്ഷണിപ്പെടുത്തിയ കേസന്വേഷണം പോലും വഴിതെറ്റിയ അവസ്ഥയിലാണ്. എങ്ങനെയും പ്രദീപിനെ ഊരിയെടുക്കാനാവുമോ എന്ന ശ്രമമാണ് നടന്നു വരുന്നത്.