keralaKerala NewsLatest News

തദ്ദേശ തിരഞ്ഞെടുപ്പ്; എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വികസന സദസ് സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍

തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വികസന സദസ് സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങി. സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 20-ന് മുഖ്യമന്ത്രി നിര്‍വഹിക്കും. പരിപാടികള്‍ ഒക്ടോബർ 20-നകം പൂര്‍ത്തിയാക്കണം.

സദസ്സുകളില്‍ സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ അവതരിപ്പിക്കുന്ന പ്രോഗ്രസ് റിപ്പോര്ട്ടും വീഡിയോ പ്രസന്റേഷനും ഉള്‍പ്പെടും. ചെലവ് തദ്ദേശസ്ഥാപനങ്ങള്‍ തനത് ഫണ്ടില്‍ നിന്ന് വഹിക്കണം. ഗ്രാമപഞ്ചായത്തുകള്‍ക്ക് ₹2 ലക്ഷം, മുനിസിപ്പാലിറ്റികള്‍ക്ക് ₹4 ലക്ഷം, നഗരസഭകള്‍ക്ക് ₹6 ലക്ഷം വരെ ചെലവഴിക്കാനാണ് അനുമതി.

ഗ്രാമപഞ്ചായത്തുകളില്‍ 250–350 പേരും, നഗരസഭകളിലും കോര്‍പ്പറേഷനുകളിലും 750–1000 പേരും പങ്കെടുക്കണം. എല്ലാ വാര്‍ഡുകളില്‍ നിന്നുള്ള ജനങ്ങളും സമൂഹത്തിന്റെ വിവിധതുറകളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടണം. സ്ത്രീകളുടെയും യുവജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ഹാള്‍/കെട്ടിടങ്ങളിലാണ് പരിപാടി നടത്തേണ്ടത്. പങ്കെടുക്കുന്നവര്‍ക്ക് ചായയും ലഘുഭക്ഷണവും നല്‍കണം. ഉച്ചയ്ക്കു മുന്‍പ് പരിപാടികള്‍ പൂര്‍ത്തിയാക്കണം.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്/അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്/അംഗങ്ങള്‍, ജനപ്രതിനിധികള്‍, സാമൂഹിക രംഗത്തെ മികച്ച പ്രവര്‍ത്തകര്‍ എന്നിവരെ ഉദ്ഘാടനത്തില്‍ ഉള്‍പ്പെടുത്തണം. ആദ്യത്തെ ഒരു മണിക്കൂര്‍ ഉദ്ഘാടന സമ്മേളനത്തിനായി മാറ്റിവെക്കണം. ഈ വേളയില്‍ പ്രോഗ്രസ് റിപ്പോര്ട്ട് പ്രകാശനം ചെയ്യുകയും, അതിദാരിദ്ര്യ നിര്‍മ്മാര്‍ജനം, ലൈഫ് മിഷന്‍, ഹരിതകര്‍മ്മസേന പ്രവര്‍ത്തകര്‍ തുടങ്ങി സര്‍ക്കാരിന്റെ പദ്ധതികളില്‍ പങ്കാളികളായവരെ ആദരിക്കുകയും വേണം.

ഉദ്ഘാടനത്തിനു പിന്നാലെ 20 മിനിറ്റിനുള്ളില്‍ സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോ/പ്രസന്റേഷന്‍ അവതരിപ്പിക്കും. ഇത് പബ്ലിക് റിലേഷന്‍സ് വകുപ്പ് പരിശീലനം നല്‍കിയ റിസോഴ്‌സ് പേഴ്‌സണ്‍ കൈകാര്യം ചെയ്യാനാണ് നിര്‍ദ്ദേശം.

Tag: Local body elections; Government to organize development meetings in all local bodies

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button