keralaKerala NewsLatest News

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്; സ്ഥാനാർഥി നിർണയം നവംബർ 5നകം പൂർത്തിയാക്കാൻ സിപിഐഎം

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനായി സിപിഐഎം സജീവമായി തയ്യാറെടുപ്പുകൾ ആരംഭിച്ചു. സ്ഥാനാർഥി നിർണയം നവംബർ 5നകം പൂർത്തിയാക്കണമെന്ന നിർദേശമാണ് സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റികൾക്ക് നൽകിയിരിക്കുന്നത്. വിജയസാധ്യതയാണ് സ്ഥാനാർഥി തിരഞ്ഞെടുപ്പിൽ മുഖ്യ മാനദണ്ഡമാക്കേണ്ടതെന്നും, യുവാക്കൾക്ക് കൂടുതൽ അവസരം നൽകണമെന്നും പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്.

സ്ഥാനാർഥി നിർണയത്തിൽ യോജിപ്പോടെ തീരുമാനമെടുക്കണമെന്ന നിർദ്ദേശവും ജില്ലാ കമ്മിറ്റികൾക്ക് നൽകിയിട്ടുണ്ട്. എൽഡിഎഫ് നിലനിൽപ്പിൽ സീറ്റ് വിഭജനത്തിലും സ്ഥാനാർഥി തീരുമാനത്തിലും ഏകോപനം ഉറപ്പാക്കണമെന്ന് സംസ്ഥാന നേതൃത്വം നിർദേശിച്ചു. പൊതുസ്വീകാര്യതയുള്ളതും പാർട്ടിയോടും മുന്നണിയോടും അടുപ്പമുള്ളതുമായ വ്യക്തികളെ എതിരാളികൾ സ്ഥാനാർഥികളായി ആകർഷിക്കാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും പാർട്ടി ഓർമ്മിപ്പിച്ചു.

സ്വതന്ത്രരായ വ്യക്തികളെയും ചില പ്രത്യേക സാഹചര്യങ്ങളിൽ സ്ഥാനാർഥികളായി പരിഗണിക്കാമെന്നും, എന്നാൽ എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി, ബിജെപി തുടങ്ങിയ സംഘടനകളുമായി ബന്ധമുള്ള ആരെയും സ്ഥാനാർഥികളാക്കരുതെന്ന കർശന നിർദേശവും നൽകിയിട്ടുണ്ട്.

ഇതിനൊപ്പം, തദ്ദേശ തിരഞ്ഞെടുപ്പിനായി മറ്റു രാഷ്ട്രീയ പാർട്ടികളും കച്ചമുറുക്കുകയാണ്. നവംബർ ഒന്നുമുതൽ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാനാണ് കെപിസിസി ആലോചിക്കുന്നത്. തിരഞ്ഞെടുപ്പ് ഏകോപിതമായി നേരിടണമെന്ന നിർദ്ദേശം കോൺഗ്രസ് ഹൈക്കമാൻഡ് ഇതിനകം നൽകിയിട്ടുണ്ട്. ബിജെപിയും തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ അന്തിമരൂപം കൊടുക്കാനുള്ള നീക്കങ്ങളിലും ആലോചനകളിലും തിരക്കിലാണ്.

Tag: Local government elections; CPI(M) to complete candidate selection by November 5

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button