ശക്തമായ കാറ്റിലും മഴയിലും എറണാകുളത്ത് വ്യാപകനാശം, 9 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
കൊച്ചി: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. ഒമ്പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു്. എറണാകുളത്തെ പല ഭാഗങ്ങളിലും ശക്തമായ കാറ്റില്‍ വ്യാപക നാശ നഷ്ടമുണ്ടായി. കുന്നത്തുനാട്, തത്തപ്പിള്ളി എന്നിവിടങ്ങളില്‍ മരം വീണ് പല വീടുകളും ഭാഗികമായി തകര്‍ന്നു. കോഴിക്കോട്ടും ഇന്നലെ രാത്രിയും ഇന്ന് രാവിലെയും ശക്തമായ മഴയാണ് പെയ്തത്.
സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി. നാളെയും ഈ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 16-ാം തീയതി വരെ സംസ്ഥാനത്ത് മത്സ്യബന്ധനത്തിന് പോകരുതെന്ന മുന്നറിപ്പും നല്‍കിയിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര തീരത്തിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന് പിന്നാലെ അറബിക്കടലില്‍ തെക്കന്‍ ഗുജറാത്തിന് സമീപം പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ട്.
എറണാകുളം ജില്ലയിലെ പല ഭാഗങ്ങളിലും കനത്ത നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പുലര്‍ച്ചെയാണ് എറണാകുളത്ത് ശക്തമായ കാറ്റ് വീശിയത്. നീര്‍ക്കോട്, തത്തപ്പള്ളി, കരിങ്ങാം തുരുത്ത്, എന്നീ പ്രദേശത്തും വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഇവിടെ പലയിടത്തും വീടുകള്‍ക്ക് മുകളിലേക്ക് മരം വീണാണ് കേടുപാടുകള്‍ സംഭവിച്ചത്്. കുന്നത്തുനാട് മണ്ഡലത്തിലെ വലമ്പൂര്‍, തട്ടാംമുകള്‍ , മഴുവന്നൂര്‍ പ്രദേശങ്ങളില്‍ മരം വീണ് നിരവധി വീടുകള്‍ക്ക് കേടുപാടുകളുണ്ടായി. ഇവിടെ റോഡുകള്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു.
കോഴിക്കോട് ജില്ലയില്‍ ഇന്നലെയും ഇന്നുമായി ശക്തമായ മഴ തുടരുകയാണ്. വടക്കന്‍ ജില്ലകളിലെല്ലാം ഇന്ന് യെല്ലോ അലര്‍ട്ടാണ്. ഉച്ചയ്ക്ക് 1 മണി വരെ ശക്തമായ മഴയാണ് പ്രവചിച്ചത്.