ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി ക്രിക്കറ്റ് കളി; ശിക്ഷയായി ഒരു ദിവസത്തെ സാമൂഹിക സേവനം: മാതൃകാപരമായ ശിക്ഷ നൽകിയ പൊലീസിന് സോഷ്യൽ മീഡിയയിൽ കൈയടി
ആലപ്പുഴ: കൊറോണ വ്യാപനം ശക്തമായതോടെ സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഓരോ ദിവസവും നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ് പൊലീസും. ആലപ്പുഴയിൽ ഒരു സംഘം കൊറോണ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി ക്രിക്കറ്റ് കളിക്കാനിറങ്ങിയത്.
ഹരിപ്പാടിന് സമീപം മഹാദേവിക്കാട് പുളിക്കീഴ് ജംഗ്ഷനിലാണ് സംഭവം. ക്രിക്കറ്റ് കളി നടക്കുന്നതിനിടെയാണ് തൃക്കുന്നപ്പുഴ പൊലീസ് സ്ഥലത്തെത്തിയത്. ക്രിക്കറ്റ് കളിച്ച സംഘത്തിലെ ഏഴുപേരെ പൊലീസ് ഉടൻ പിടികൂടി. ഉടനടി ശിക്ഷയും നൽകി. ഒരു ദിവസത്തെ സാമൂഹിക സേവനമാണ് പൊലീസ് ഇവർക്ക് നിർദേശിച്ചത്.
തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷന് സമീപം നടത്തുന്ന പരിശോധനയിൽ പങ്കെടുത്ത് മാസ്ക് ഉപയോഗിക്കേണ്ടതിന്റെയും സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും ആവശ്യം പറഞ്ഞ് ആളുകളെ ബോധവാന്മാരാക്കുക എന്ന ചുമതലയാണ് പൊലീസ് ഇവർക്ക് നൽകിയത്. മാതൃകാപരമായ ശിക്ഷ നൽകിയ പൊലീസിന് കൈയടിക്കുകയാണ് സോഷ്യൽ മീഡിയ.