ലൗ ജിഹാദ് എന്നത് പച്ചയായ യാഥാര്‍ത്ഥ്യം, രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കെ സി ബി സി
കൊച്ചി : കേരള സമൂഹത്തില്‍ ഏറെ ചര്‍ച്ചയായി നിലനില്‍ക്കുന്ന ലൗ ജിഹാദ് വിഷയത്തില്‍ വ്യക്തമായ നിലപാടുമായി കെ സി ബി സി രംഗത്ത്. പെണ്‍കുട്ടികളെ മതം മാറ്റുക എന്ന ലക്ഷ്യത്തോടെ പ്രണയക്കുരുക്കിലാക്കി വിവാഹം കഴിക്കുന്ന തന്ത്രമാണ് ലൗ ജിഹാദ്. എന്നാല്‍ കേരളത്തില്‍ ലൗ ജിഹാദ് നടന്നിട്ടുണ്ടോ എന്നതിന് വ്യക്തമായ തെളിവുകള്‍ ലഭ്യമല്ല എന്ന് ചൂണ്ടിക്കാട്ടി പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ ഉള്‍പ്പടെയുള്ളവര്‍ ഇതിനെ തള്ളുകയായിരുന്നു. നിയമസഭ തിരഞ്ഞടുപ്പില്‍ ലൗ ജിഹാദ് പ്രചരണ വിഷയമായി ബി ജെ പി ഉയര്‍ത്തിക്കാട്ടിയിരുന്നു. യു പി മോഡലില്‍ തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ലൗ ജിഹാദിനെതിരെ നിയമനിര്‍മ്മാണം നടത്തുമെന്നും ബി ജെ പി പ്രകടനപത്രികയിലൂടെ ഉറപ്പ് നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി കേരളകോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണിയാണ് വീണ്ടും ലൗ ജിഹാദ് ചര്‍ച്ചയിലേക്ക് കൊണ്ടുവന്നത്. ലൗ ജിഹാദുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെത്. ഈ വിഷയത്തില്‍ ക്രിയാത്മകമായി പ്രതികരിച്ച ജോസ് കെ മാണിയെ പിന്തുണച്ചാണ് കെ സി ബി സി വക്താവ് ഫാ. ജേക്കബ് പാലക്കാപ്പിള്ളി ഒരു സ്വകാര്യ ചാനലില്‍ ലൗ ജിഹാദ് എന്നത് പച്ചയായ യാഥാര്‍ത്ഥ്യമാണെന്ന് അവകാശപ്പെട്ടത്.
ലൗ ജിഹാദ് ഇല്ലെന്ന് മുഖ്യമന്ത്രി പറയുന്നത് രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമായിട്ടാണെന്നും ഇതില്‍ സഭയ്ക്കും പൊതുസമൂഹത്തിനും ആശങ്കയുണ്ടെന്നും അദ്ദേഹം പറയുന്നു. ലൗ ജിഹാദ് ഇല്ലെന്നത് മുസ്ലീം ലീഗിന്റെ മാത്രം അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ മതവിഭാഗങ്ങള്‍ തമ്മിലുള്ള വിവാഹങ്ങള്‍ക്ക് സഭ എതിരല്ലെന്നും എന്നാല്‍ ഇത് ദുരുപയോഗം ചെയ്ത് മതചിന്തകള്‍ അടിച്ചേല്‍പ്പിക്കുന്നതിനെയാണ് സഭ എതിര്‍ക്കുന്നതെന്നും കെ സി ബി സി വ്യക്തമാക്കുന്നു.