ദേശീയ സ്പോർട്സ് ഗവേണൻസ് ബിൽ പാസാക്കി ലോക്‌സഭ
ദേശീയ സ്പോർട്സ് ഗവേണൻസ് ബിലും ദേശീയ ഉത്തേജക വിരുദ്ധ ഭേദഗതി ബിലും ലോക്‌സഭ പാസാക്കി. രാജ്യത്തെ കായിക മേഖലയിൽ സ്വാതന്ത്ര്യത്തിന് ശേഷം നടക്കുന്ന ഏറ്റവും വലിയ പരിഷ്‌കരണമായാണിത് കാണുന്നതെന്ന് കായിക മന്ത്രി മൻസൂഖ് മാണ്ഡവ്യ വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടെയാണ് ബിൽ പാസായത്.
ബിൽ കായിക ഫെഡറേഷനുകളിൽ ഉത്തരവാദിത്തം, നീതി, മികച്ച ഭരണകൂടം എന്നിവ ഉറപ്പാക്കുമെന്നും ഇത് ഇന്ത്യയുടെ കായിക രംഗത്തിന് വലിയ പ്രാധാന്യമാണെന്നും മന്ത്രി പറഞ്ഞു. ഇത്രയും നിർണായകമായ നിയമത്തിൽ പ്രതിപക്ഷം പങ്കാളികളായില്ലെന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കായിക മേഖലയിൽ വിശ്വാസ്യത ഉറപ്പാക്കുക എന്നതാണ് ബില്ലിന്റെ ലക്ഷ്യം. കേന്ദ്ര സർക്കാരിന്റെ ഫണ്ട് ലഭിക്കാൻ എല്ലാ ദേശീയ കായിക ഫെഡറേഷനുകളും ദേശീയ കായിക ബോർഡിന്റെ അംഗീകാരം നേടേണ്ടതുണ്ട്. കൂടാതെ, ഫെഡറേഷനുകളുടെ തിരഞ്ഞെടുപ്പുകളിലും കായിക താരങ്ങളുടെ തെരഞ്ഞെടുപ്പിലും ഉണ്ടാകുന്ന തർക്കങ്ങൾ പരിഹരിക്കാൻ സിവിൽ കോടതിയുടെ അധികാരമുള്ള ദേശീയ കായിക ട്രിബ്യൂണൽ രൂപീകരിക്കാനും വ്യവസ്ഥയുണ്ട്.
ദേശീയ ഉത്തേജക വിരുദ്ധ ഭേദഗതി ബിൽ, ദേശീയ ഉത്തേജക ഔഷധവിരുദ്ധ ഏജൻസിക്ക് (നാഡ) പൂർണ സ്വയംഭരണാധികാരം നൽകുന്ന തരത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്.
Tag; Lok Sabha passes National Sports Governance Bill