നരേന്ദ്രമോദി കാര്യപ്രാപ്തിയുള്ള ശക്തനായ നേതാവ്; ചൈനയുമായുള്ള തർക്കത്തിൽ പ്രതികരിച്ച് റഷ്യൻ പ്രസിഡന്റ്
ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തി തർക്കത്തിൽ പ്രതികരണവുമായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങും ഉത്തരവാദിത്തമുള്ള നേതാക്കളാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി പ്രശ്‌നങ്ങൾ പരിഹരിക്കാൻ അവർക്കും പ്രാപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ പുറത്തുനിന്നുള്ള ഒരു രാജ്യത്തിന്റേയും ഇടപെടൽ ആവശ്യമില്ലെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി തർക്കത്തിന് ഉടൻ പരിഹാരം കാണുമെന്ന് പ്രതീക്ഷിക്കുന്നതായും പുടിൻ പറഞ്ഞു.
‘എല്ലായ്‌പ്പോഴും അയൽരാജ്യങ്ങൾ തമ്മിൽ ധാരാളം പ്രശ്നങ്ങളുണ്ട്, പക്ഷേ ഇന്ത്യയുടെ പ്രധാനമന്ത്രിയുടെയും ചൈനയുടെ പ്രസിഡന്റിന്റെയും മനോഭാവം എനിക്കറിയാം. അവർ വളരെ ഉത്തരവാദിത്തമുള്ള നേതാക്കളാണ്. പരസ്പരം ആത്മാർത്ഥമായി ബഹുമാനിക്കുന്നവരാണ്. അവർ അഭിമുഖീകരിക്കുന്ന ഏതൊരു പ്രശ്‌നത്തിനും അവർ പരിഹാരത്തിലെത്തുമെന്ന് ഞാൻ വിശ്വസിക്കുന്നു’ എന്നും അദ്ദേഹം പ്രതികരിച്ചു. കിഴക്കൻ ലഡാക്കിലെ ചില സംഘർഷങ്ങളിൽ ചൈനീസ് സൈന്യവും ഇന്ത്യൻ സൈന്യവും സ്വീകരിക്കുന്ന നിലപാടിനെ തുടർന്ന് ഇന്ത്യയിലെ വാർത്ത ഏജൻസിക്ക് നൽകിയ വിർച്വൽ അഭിമുഖത്തിൽ പുടിൻ ഇക്കാര്യം വ്യക്തമാക്കിയത്.