നഷ്ട്ടം, കനത്ത നഷ്ട്ടം സ്വകാര്യ ബസുകള്‍ ശനിയാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിർത്തുന്നു.

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ ശനിയാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവെക്കുന്നു. അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവെക്കുന്നതായി കാണിച്ച് സര്‍ക്കാരിന് ഒന്‍പതിനായിരത്തോളം ബസുകളാണ് ജി ഫോം നല്‍കിയിരിക്കുന്നത്. ഡിസംബര്‍ വരെയുള്ള റോഡ് നികുതി ഒഴിവാക്കണമെന്നാണു ബസുടമകള്‍ ആവശ്യപ്പെടുന്നത്. എന്നാൽ സമയം നീട്ടി നൽകാമെന്നും, അതല്ലാതെ മറ്റു വഴിയില്ലെന്നാണു ഗതാഗതവകുപ്പ് പറയുന്നത്.
റോഡ് നികുതി അടയ്ക്കാനുള്ള സമയം ഒക്ടോബര്‍ വരെ നീട്ടിക്കൊണ്ടുള്ള ഗതാഗത മന്ത്രിയുടെ നിര്‍ദേശം പൂര്‍ണമായും തള്ളിയ ബസുടമകള്‍ മൂന്നു ആവശ്യങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്. കോവിഡ് തീരുന്നത് വരെ ഇന്ധനത്തിനു സബ്സിഡി അനുവദിക്കുക, തൊഴിലാളികളുടെ ക്ഷേമനിധി സര്‍ക്കാര്‍ അടയ്ക്കുക, ഡിസംബര്‍ വരെയെങ്കിലും റോഡ് നികുതി ഒഴിവാക്കുക, എന്നിവയാണ് ആവശ്യങ്ങൾ.
ശരാശരി 3,000 രൂപ വരെ കളക്ഷന്‍ ഉണ്ടായിരുന്ന ഒരു ബസിന് യാത്രക്കാരുടെ കുറവും ഇന്ധനച്ചെലവും കാരണം 900 രൂപയാണ് പ്രതിദിന നഷ്ടം ഉണ്ടാകുന്നത്. ഈ രീതിയില്‍ മുന്നോട്ടു പോകാനാകാത്തതുകൊണ്ടാണ് ശനിയാഴ്ച മുതല്‍ ബസുകള്‍ സര്‍വീസ് നിർത്തുന്നതെന്നാണ് ഉടമകൾ പറയുന്നത്. എന്നാല്‍ നികുതി ഒഴിവാക്കുന്നതോ ഇന്ധനത്തിന് സബ്സിഡി അനുവദിക്കുന്നതോ പ്രായോഗികമല്ലെന്നാണ് ഗതാഗതവകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ സ്വകാര്യബസ് സര്‍വീസ് പൂര്‍ണമായും സ്തംഭിക്കുമെന്ന് ഉറപ്പായി.