ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ‘മോൻതാ’ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുന്നു; കേരളത്തിൽ 29 വരെ ശക്തമായ മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം വേഗത്തിൽ ശക്തിപ്രാപിച്ച് ‘മോൻതാ’ ചുഴലിക്കാറ്റായി മാറുകയാണ്. വെള്ളിയാഴ്ച രൂപം കൊണ്ട ന്യൂനമർദം ശനിയാഴ്ചയ്ക്കകം തീവ്ര ന്യൂനമർദമായും, തുടർന്ന് ഞായറാഴ്ച ചുഴലിക്കാറ്റായും മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ വിലയിരുത്തൽ.
ചുഴലിക്കാറ്റിന് ‘മോൻതാ’ എന്ന പേരാണ് നൽകിയത് — തായ്‌ലാൻഡ് നിർദേശിച്ച ഈ പേരിന് “മണമുള്ള പൂവ്” എന്നർത്ഥമാണ്. കാറ്റ് വടക്കോട്ടേക്ക് നീങ്ങാനാണ് സാധ്യത. ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും അതിന്റെ അനുബന്ധ കാലാവസ്ഥാ വ്യതിയാനങ്ങൾ കാരണം സംസ്ഥാനത്ത് ശക്തമായ മഴ തുടരും. 27നും 28നും ദിവസങ്ങളിലാണ് വ്യാപകമായ മഴ പ്രതീക്ഷിക്കുന്നത്.
ഇപ്പോൾ പെയ്യുന്ന മഴ സാധാരണ തുലാമഴയുടെ സ്വഭാവത്തിലുള്ളതല്ല — ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടുകൂടി പെയ്യുന്ന മഴയ്ക്കുപകരം, ദിവസമെമ്പാടും നീണ്ടുനിൽക്കുന്ന മഴയാണ് രേഖപ്പെടുത്തുന്നത്. 29-നുശേഷം മഴയുടെ തീവ്രത കുറയാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി.
Tag: low pressure area formed in the Bay of Bengal is intensifying into a cyclonic storm ‘Montha’



