നാണം കേട്ട പോലീസ് അന്വേഷണത്തിന്റെ ചരിത്രമായി പാലത്തായി.

പാനൂർ/ പാലത്തായി പീഡനക്കേസിൽ അന്വേഷണ സംഘത്തെ ഒന്നടങ്കം മാറ്റിയ കോടതി വിധി ഇരയുടെ കുടുംബം സ്വാഗതം ചെയ്തിരിക്കുകയാണ്. കോടതി തങ്ങൾ നിർദേശിച്ച ആവശ്യങ്ങളോട് അനുകൂലമായാണ് പ്രതികരിച്ചതെന്നും ഇരയുടെ കുടുംബം പ്രതികരിച്ചിട്ടുണ്ട്.
ഐ.ജി ശ്രീജത്തിന്റെ അന്വേഷണത്തിൽ തുടക്കം മുതൽ തന്നെ തങ്ങൾക്ക് വിമർശനമുണ്ടായിരുന്നു. ഇത് തന്നെയാണ് കോടതിയിലും ഉന്നയിച്ചത്. കോടതിയിൽ പൂർണമായ വിശ്വാസമർപ്പിച്ച് മുന്നോട്ട് പോകുകയാണ്. കുറുമ്പൻ പറഞ്ഞിരിക്കുന്നു. പാലത്തായി കേസ് അന്വേഷണത്തിന് ഐ.ജി റാങ്കിൽ ഉള്ള ഉദ്യോഗസ്ഥൻറെ നേതൃത്വത്തിൽ പുതിയ അന്വേഷണ സംഘം രൂപീകരിക്കാൻ സംസ്ഥാന ഹൈക്കോടതിയുടെ ഉത്തരവ് ഉണ്ടായിരിക്കുന്നത്. കേരള പോലീസിന്റെ, പ്രത്യേകിച്ച് ക്രൈം ബ്രാഞ്ചിന്റെ കേസന്വേഷണത്തിൽ ഇതിലധികം നാണംകെട്ട ഒരു സ്ഥിതി ഇതിനു മുൻപ് ഉണ്ടായത് വാളയാർ കേസിൽ ആണ്. കോടതി വിധിയുമായി ബന്ധപെട്ടു രാഷ്ട്രീയമായ പ്രതികരണങ്ങൾക്ക് കുടുംബം തയ്യാറായില്ല. പക്ഷെ പോലീസിനോട് സമൂഹത്തിനും, പ്രതേകിച്ചു പീഡനത്തിന് ഇരകളാക്കപ്പെടുന്ന കുടുംബങ്ങൾക്കും ഉള്ള വിശ്വാസമില്ലായ്മകൂടിയാണ് ഇവിടെ ചൂണ്ടിക്കാട്ടപ്പെടുന്നത്.
നിലവിലെ അന്വേഷണ സംഘത്തിൽ ഉള്ള ഉദ്യോഗസ്ഥരെ പുതിയ സംഘത്തിൽ ഉൾപ്പെടുത്തരുതെന്നും, രണ്ടാഴ്ചയ്ക്കകം പുതിയ സംഘം രൂപീകരികാണമെന്നും സംസ്ഥാന ഡി.ജി.പിയ്ക്ക് കോടതി നിർദേശം നൽകുകയായിരുന്നു. പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ അമ്മയുടെ ഹരജിയിൽ ആണ് കോടതിയുടെ ഉത്തരവ് ഉണ്ടായത്. പുതിയ അന്വേഷണ സംഘം എന്ന ആവശ്യത്തെ സംസ്ഥാന സർക്കാർ കോടതിയിൽ എതിർത്തില്ല എന്നത് ശ്രദ്ധേയമാണ്. പാലത്തായി കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിക്കാൻ തയാറാണെന്ന് സംസ്ഥാന സർക്കാരും കോടതിയെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് പാലത്തായി കേസ് അന്വേഷണത്തിന് ഐജി റാങ്കിൽ ഉള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പുതിയ സംഘം രൂപീകരിക്കാൻ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. പീഡനക്കേസ് പ്രതി പത്മരാജന് ജാമ്യം അനുവദിച്ചുള്ള പോക്സോ കോടതി നടപടി ഹൈക്കോടതി നേരത്തെ ശരിവെച്ചിരുന്നു. പ്രതിക്ക് അവകാശജാമ്യത്തിന് അർഹതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കോടതിയുടെ നടപടി ഉണ്ടായത്.
പാലത്തായി കേസിൽ തുടക്കം മുതൽ തന്നെ അന്വേഷണ സംഘത്തിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. ഐ.ജി.ശ്രീജിത്തിനെ മാറ്റണമെന്ന ആവശ്യം പെൺകുട്ടിയുടെ കുടുംബം നിരവധി തവണ ആവർത്തിച്ചതാണ്. ഇത് സംബന്ധിച്ചു കുടുംബം മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ നിവേദനത്തിന്റെ കാര്യത്തിലും നീതി ലഭിച്ചില്ല. കേസ് ആദ്യം അന്വേഷിച്ച ലോക്കൽ പോലീസിന്റെ നിലപാടുകൾ പോക്‌സോ
കേസന്വേഷണങ്ങളെ മുഴുവൻ തകിടം മറിക്കും വിധമായിരുന്നു. പോക്‌സോ ചട്ടങ്ങൾ പോലും ലഘിച്ചു കൊണ്ടായിരുന്നു ലോക്കൽ പോലീസിന്റെ അന്വേഷണത്തെ പോലും നടന്നത്. ലോക്കൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ചുമത്തപ്പെട്ട പോക്‌സോ കേസ് ക്രൈം ബ്രാഞ്ച് മാറ്റി മറിച്ചു.
പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് ഐ.ജി ശ്രീജിത്ത് തുടക്കം മുതൽ സ്വീകരിച്ച് വന്നതെന്നായിരുന്നു പരക്കെ ഉണ്ടായ വിമർശനം. ഇതിനിടെ സോഷ്യൽ മീഡിയവഴി ഇരയേയും കുടുംബത്തെയും മാനസികമായി തളർത്തുന്ന പ്രചാരണം പോലും അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥൻ നടത്തുകയുണ്ടായി. ഐ.ജി ശ്രീജിത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ ഈ നിലപാടുകളിലും പ്രതിഷേധം ഉയർന്നെങ്കിലും, അന്വേഷണ ഉദ്യോഗസ്ഥനെതിരെ ചെറു വിരൽ അനക്കാൻ സർക്കാരോ, സംസ്ഥാന പോലീസ് മേധാവിയെ തയ്യാറായില്ല. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിനെതിരെ പരാതിയുമായി ഇരയുടെ കുടുംബം രംഗത്ത് വരേണ്ട സാഹചര്യം വരെ ഉണ്ടായി.
പാലത്തായി കേസിൽ പ്രതി പദ്മരാജന് ജാമ്യം നൽകിയ നടപടി ഹൈക്കോടതിയും ശരിവെച്ചെങ്കിലും നീതി ലഭിക്കും വരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് കുട്ടിയുടെ ബന്ധുക്കൾ നേരത്തെ വ്യക്തമാക്കിയിരുന്നു. പെൺകുട്ടിയ്ക്ക് നേരേ പീഡനമുണ്ടായെന്നതിന്റെ മെഡിക്കൽ റിപ്പോർട്ട് ഉണ്ടായിട്ടും പ്രതിയ്ക്ക് ജാമ്യം നൽകിയ വിചാരണ കോടതി നടപടി ശരിയല്ലെന്നായിരുന്നു നേരത്തെ കോടതി തള്ളിയ ഹരജിയിൽ കുട്ടിയുടെ അമ്മ ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാൽ പെൺകുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും ബി.ജെ.പി അനുഭാവി ആയതിനാലാണ് ആരോപണം ഉന്നയിച്ചതെന്നുമായിരുന്നു അന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചത്. പ്രതിഭാഗത്തിനു അനുകൂലമായ നിലപാടാണ് അന്വേഷസംഘത്തിന്റെ റിപ്പോർട്ടിലും ഉണ്ടായിരുന്നത്.
ഇരയുടെ കുടുംബം ഹൈക്കോടതിയിൽ നൽകിയ ഹരജിയിൽ ക്രൈം ബ്രാഞ്ചിന്റെ നിലപാടും ചർച്ചയായിരുന്നു. പെൺകുട്ടിയുടെ മാനസികനില ശരിയല്ലെന്നും കുട്ടിയ്ക്ക് കള്ളം പറയുന്ന സ്വഭാവം ഉണ്ടെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുകയായിരുന്നു പിന്നെ. പെൺകുട്ടിയ്ക്ക് ഭാവനയിൽ നിന്ന് കാര്യങ്ങൾ ഉണ്ടാക്കി അവതരിപ്പിക്കുന്ന ശീലവും ഉണ്ടെന്നായിരുന്നു ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചത്. സാമൂഹ്യ നീതി വകുപ്പിൽ നിന്നുള്ള ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ കണ്ടെത്തലുകളായിരുന്നു ഇതിനടിസ്ഥാനമായി ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടിയിരുന്നത്.
കുട്ടിയുടെ മൊഴിയും അതിനെ സാധൂകരിക്കുന്ന മെഡിക്കൽ റിപ്പോർട്ടും ഉണ്ടായിരിക്കേ അന്വേഷണസംഘം ഉന്നയിക്കുന്ന ഈ വാദം ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് നേരത്തെയും പെൺകുട്ടിയുടെ ബന്ധുക്കൾ വ്യക്തമാക്കിയിരുന്നതാണ്. കേസ് അന്വേഷണത്തിന്റെ ചുമതല പുതിയ അന്വേഷണ സംഘത്തിന് രണ്ടാഴ്ചക്കകം നൽകണമെന്നാണ് പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ ഹൈക്കോടതി ഉത്തരവിട്ടത്.
കേസന്വേഷണത്തിന്റെ മേൽനോട്ട ചുമതല ഐ.ജി ശ്രീജിത്തിനാകരുതെന്നും, ഐ.ജി റാങ്കിലുള്ള മറ്റൊരു ഉദ്യോഗസ്ഥൻ കേസിന്റെ ചുമതല ഏറ്റെടുക്കണമെന്നും കോടതി വ്യക്തമാക്കുകയായിരുന്നു. പഴയ അന്വേഷണ സംഘത്തിലെ ആരും പുതിയ അന്വേഷണ സംഘത്തിൽ ഉണ്ടാകരുത് എന്നതാണ് കോടതിയുടെ മറ്റൊരു നിർദേശം ഉണ്ടായത്. സംസ്ഥാന ക്രൈം ബ്രാഞ്ചിനെ നാണം കെടുത്തിയ സംഭവം മാത്രമല്ല, സർവ്വ വിശ്വാസ്യതയും തർക്കും വിധമാണ് കോടതി ഉത്തരവ് ഉണ്ടായിരിക്കുന്നത്. മാർച്ച് 17 നാണ് ലൈംഗികാതിക്രമം നേരിട്ട പെൺകുട്ടിയുടെ കുടുംബം പാനൂർ പൊലീസിൽ പരാതി നൽകിയത്. എന്നാൽ പൊലീസിന്റെ തൊട്ടടുത്ത് തന്നെ ഉണ്ടായിട്ടും ബി.ജെ.പി നേതൃത്വമടക്കം പ്രതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിന്റെ തെളിവുകൾ പുറത്തുവന്നിട്ടും പൊലീസിന് പ്രതിയെ ബുധനാഴ്ച (ഏപ്രിൽ 15) ഉച്ചവരെ പിടികൂടാനായിരുന്നില്ല.
പാലത്തായിയിലെ സ്‌കൂളിൽ നാലാം ക്ലാസ് വിദ്യാർഥിനിയായ ബാലികയെ ഇതേ സ്‌കൂളിലെ അധ്യാപകനായ പദ്മരാജൻ പീഡിപ്പിച്ചുവെന്നാണ് പരാതി.