എം. ശിവശങ്കർ തമിഴ്നാട്ടിൽ കാറ്റാടിപ്പാടത്തും കോടികളുടെ ബെനാമി നിക്ഷേപം നടത്തി.

കൊച്ചി/ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കർ തമിഴ്നാട്ടിലെ നാഗർകോവിലിൽ കാറ്റാടിപ്പാടത്ത് കോടികളുടെ ബെനാമി നിക്ഷേപം നടത്തിയാതായി വിവരം. കെഎസ്ഇബി ചെയർമാനായിരുന്ന കാലത്താണ് കാറ്റിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കുന്ന നാഗർകോവിലിലെ കമ്പനികളുമായി ശിവശങ്കർ അടുത്ത ബന്ധം ഉണ്ടാകുന്നത്. ശിവശങ്കർ വഴി സംസ്ഥാനത്തെ മറ്റു ചില ഉന്നതരും കാറ്റാടിപ്പാടത്ത് കള്ളപ്പണം നിക്ഷേപിച്ചതായി ഇഡിക്കു വിവരം ലഭിച്ചിട്ടുണ്ട്. സ്വർണക്കടത്തു കേസിലെ പ്രതികളുടെ കള്ളപ്പണ നിക്ഷേപം സംബന്ധിച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണത്തിനിടെയാണ് ഈ വിവരം ലഭിച്ചിരിക്കുന്നത്.
ചാർട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലിന്റെ മൊഴികളിൽ നിന്നാണ് ഇ ഡി ക്ക് ഇത് സംബന്ധിച്ച ആദ്യ സൂചനകൾ ലഭിക്കുന്നത്.
സ്വപ്നയുടെ രഹസ്യ ലോക്കർ വിവരങ്ങൾ പുറത്തു വരുമ്പോൾ കുറച്ചുകാലം നാഗർകോവിലിലേക്കു മാറിനിൽക്കാൻ വേണുഗോപാലിനോട് ശിവശങ്കർ നിർദേശിക്കുന്ന വാട്സാപ് ചാറ്റുകൾ അന്വേഷണ സംഘം വീണ്ടെടുതത്വത്തിൽ ഉണ്ട്. ഈ ചാറ്റുകൾ ശിവശങ്കർ ആദ്യം നശിപ്പിച്ചിരുന്നു.
നാഗർകോവിലിൽ കാറ്റാടിയന്ത്രങ്ങൾ സ്ഥാപിച്ചിട്ടുള്ള ജർമൻ കമ്പനിയിൽ തിരുവനന്തപുരത്തെ യുഎഇ മുൻ കോൺസൽ ജനറൽ ജമാൽ അൽ സാബിക്കും മുതൽമുടക്കുള്ളതായിട്ടാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ജമാൽ അൽ സാബിയുടെ ബിസിനസ് ആഗ്രഹങ്ങൾ അയാളുടെ മനസാക്ഷി സൂക്ഷിപ്പുകാരിയും സെക്രട്ടറിയും ആയിരുന്ന സ്വപ്ന സുരേഷ് അന്വേഷണ ഏജൻസിക ളോടു വെളിപ്പെടുത്തിയിട്ടുണ്ട്. സെക്രട്ടറി സ്ഥാനത്തു നിന്ന് ഒഴിവാക്കുമ്പോൾ ജർമൻ വ്യവസായ സംരംഭത്തിൽ പങ്കാളിയാ ക്കാമെന്നു കോൺസൽ ജനറൽ പറഞ്ഞിരുന്നതായും സ്വപ്നയുടെ മൊഴിയിൽ പറഞ്ഞിരിക്കുന്നു. നാഗർകോവിലിലെ കാറ്റിൽനിന്ന് ലാഭമേറെ. ഇന്ത്യയിൽ മറ്റു പ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി നാഗർകോവിൽ പ്രദേശത്ത് കാറ്റാടി കമ്പനികൾക്ക് 7 വർഷം കൊണ്ടു മുടക്കുമുതൽ തിരികെ ലഭിക്കുന്ന സാഹചര്യമാണ് ഉള്ളത്. 12 മാസവും നല്ല കാറ്റു ലഭിക്കുന്ന നാഗർകോവിലിൽ 15 കോടി രൂപ മുടക്കി ഒരു കാറ്റാടി സ്ഥാപിച്ചാൽ ഏഴുവർഷത്തിനുള്ളിൽ മുടക്ക് മുതൽ തിരികെ കിട്ടും. ഇന്ത്യൻ കമ്പനികൾക്കു പുറമേ ജർമൻ, ഡാനിഷ്, സ്പാനിഷ് കമ്പനികളാണ് ഈ രംഗത്ത് സജീവമായുള്ളത്. ഈ കമ്പനികളിൽ ഓഹരികളായി നിക്ഷേപിക്കാനും സൗകര്യം ലഭിക്കാറുണ്ട്.