കൊറോണ നെഗറ്റീവായതിന് പിന്നാലെ താമസിച്ചിരുന്ന വീട് എങ്ങനെ അണു വിമുക്തമാക്കണം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കൊറോണ രണ്ടാം തരംഗം രാജ്യമെങ്ങും രൂക്ഷമായി തുടരുമ്ബോൾ ഗുരുതരാവസ്ഥയിൽ അല്ലാത്തവരെല്ലാം സ്വന്തം വീടുകളിലാണ് കഴിയുന്നത്. സാധാരണ ഗതിയിൽ മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെങ്കിൽ പത്താം ദിവസത്തോടെ കൊറോണ നെഗറ്റീവാകാറുണ്ട്.
പിന്നീട് കൊറോണ പ്രോട്ടോക്കോൾ അനുസരിച്ചുള്ള റിവേഴ്സ് ക്വാറന്റീനാണുള്ളത്. കൊറോണ നെഗറ്റീവായതിന് പിന്നാലെ താമസിച്ചിരുന്ന വീട് എങ്ങനെ അണു വിമുക്തമാക്കുമെന്നതിനെ കുറിച്ച് പലർക്കും ആശങ്കയുണ്ട്.
കൊറോണ ബാധിതരുടെ എണ്ണം പതിവിലും കൂടുതലായതിനാൽ സന്നദ്ധപ്രവർത്തകർക്ക് അണുനശീകരണത്തിനായി എല്ലായിടത്തും ഒരുപക്ഷേ എത്തിച്ചേരാനും കഴിയാറില്ല. ഇങ്ങനെയുള്ള ഒരു ഘട്ടം വന്നാൽ വീട് എങ്ങനെ അണുവിമുക്തമാക്കാം?
അണുനശീകരണത്തിന് എന്തെല്ലാം ഉപയോഗിക്കാം?
സാധാരണ വീട് വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ഡെറ്റോൾ പോലുള്ള അണുനാശിനിയോ എന്തും വീട് വൃത്തിയാക്കലിന് ഉപയോഗിക്കാം. ആരോഗ്യപ്രവർത്തകർ പ്രധാനമായും നിർദ്ദേശിക്കുന്നത് സോപ്പ് വെള്ളത്തിനൊപ്പം സോഡിയം ഹൈപ്പോക്ലോറൈറ്റ് ചേർത്തുള്ള വൃത്തിയാക്കലാണ്. അണുനശീകരണം നടത്തുന്ന റൂമിലെ ജനാലകൾ പൂർണമായും കാറ്റും വെളിച്ചവും കയറാൻ പാകത്തിന് തുറന്നിടാൻ ശ്രദ്ധിക്കണം.
എങ്ങനെ വൃത്തിയാക്കണം?
മൂന്ന് ബക്കറ്റുകളിലായി ശുദ്ധജലം, സോപ്പുപൊടി കലക്കിയ ചൂടുവെള്ളം, സോഡിയം ഹൈപ്പോക്ലോറൈറ്റ് ചേർത്ത വെള്ളം എന്നിവ എടുത്ത് വയ്ക്കണം. ആദ്യം സോപ്പ് പൊടി കലക്കി വച്ച ചൂടുവെള്ളത്തിൽ മോപ്പ് മുക്കി നിലം തുടയ്ക്കണം. വെള്ളം നേരിട്ട് തറയിൽ കോരി ഒഴിക്കാതെ മോപ്പ് നനച്ച് വേണം തുടയ്ക്കാൻ.
ഇതിന് ശേഷം സാധാരണ വെള്ളത്തിൽ മോപ്പ് മുക്കി മുറി തുടയ്ക്കാം. ഇത് ഉണങ്ങിയ ശേഷമാണ് സോഡിയം ഹൈപ്പോക്ലോറൈറ്റ് കലക്കിയ വെള്ളം ഉപയോഗിക്കേണ്ടത്. ശുചിമുറികളും വീടിനുള്ളിലെ മേശ, കസേര തുടങ്ങിയ ഉപകരണങ്ങളും വാതിൽപ്പിടികളും ഇതേ രീതിയിൽ അണുനശീകരണം നടത്താം.
ലൈറ്റ് , സ്വിച്ച് തുടങ്ങിയവ വൃത്തിയാക്കുമ്പോൾ നനഞ്ഞ തുണി ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
വൃത്തിയാക്കലിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഗ്ലൗസും സാധ്യമെങ്കിൽ ഫെയ്സ് ഷീൽഡും ധരിക്കുക. കൈകാലുകളിൽ അണുനാശിനി നേരിട്ട് പതിക്കാതിരിക്കാനുള്ള മുൻ കരുതലുകളും സ്വീകരിക്കണം. അണുനശീകരണം ഇനി സ്വയം നടത്താം. വേണ്ടി വന്നാൽ അടുത്തുള്ള ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങളും സ്വീകരിക്കാം.