എംഎൽഎ കെ.വി.വിജയദാസിന് നിയമസഭ ആദരമര്‍പ്പിക്കും

തിരുവനന്തപുരം/ അന്തരിച്ച കോങ്ങാട് എംഎൽഎ കെ.വി.വിജയദാസിന് ചൊവ്വാഴ്ച നിയമസഭ ആദരമര്‍പ്പിക്കും. അന്തരിച്ച അംഗത്തിന് ആദരമര്‍പ്പിച്ച് സഭ ചൊവ്വാഴ്ച പിരിയും. ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന കാര്യപരിപാടികൾ മറ്റന്നാളത്തേക്ക് മാറ്റിവച്ചതായി സ്പീക്കറുടെ ഓഫീസ് അറിയിച്ചു.
നിയമസഭാ സമ്മേളനം നടക്കുന്നതിനിടെയാണ് സഭയിൽ കോങ്ങാട് നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കെ.വി.വിജയദാസ് എംഎൽഎയുടെ മരണവാര്‍ത്ത വരുന്നത്. വിജയദാസിന്റെ നിര്യാണം കർഷക പ്രസ്ഥാനത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും വലിയ നഷ്ടമുണ്ടാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറയുകയുണ്ടായി. കർഷക കുടുംബത്തിൽ നിന്നെത്തി കർഷകരുടെ ക്ഷേമത്തിനായി ത്യാഗപൂർവം പ്രവർത്തിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡനന്തര രോഗങ്ങളുമായി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ അതീവഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കെ.വി.വിജയദാസ് വൈകിട്ട് 7.45-ഓടെയാണ് മരണപ്പെടുന്നത്. മൃതദേഹം ചൊവ്വാഴ്ച രാവിലെ ഏഴിന് എലപ്പുള്ളിയിലെ വീട്ടിലെത്തിക്കും. എട്ടുമുതൽ ഒന്പതുവരെ വീടിനടുത്തുള്ള എലപ്പുള്ളി ജിയുപി സ്കൂളിലും ഒമ്പതുതുമുതൽ പത്തുവരെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദർശനത്തിനു വയ്ക്കും. 11നു ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ സംസ്കരിക്കും.