keralaKerala NewsLatest News

‘വിഭജന ഭീതി സ്മരണ ദിനം’ ആചരിക്കുന്നത് ശോഭയും ചരിത്രപ്രാധാന്യവും കുറയ്ക്കാനുള്ള ശ്രമമെന്ന് എം.വി. ഗോവിന്ദൻ

ആഗസ്റ്റ് 14-നെ ‘വിഭജന ഭീതി സ്മരണ ദിനം’ ആയി ആചരിക്കണമെന്ന ഗവർണർ രാജേന്ദ്ര അർളേക്കറുടെ നിർദേശം, സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ശോഭയും അതിന്റെ ചരിത്രപ്രാധാന്യവും കുറയ്ക്കാനുള്ള ശ്രമമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. 2021 ആഗസ്റ്റ് 15-ന് ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് വിഭജന ഭീതി ദിനം ആചരിക്കണമെന്ന് ആഹ്വാനം ചെയ്തത്. ഇപ്പോൾ അത് കേരളത്തിലും നടപ്പാക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ദേശാഭിമാനിയിൽ ‘ആ വേദനയിൽ ഉപ്പുപുരട്ടരുത്’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയാണ് ഗവർണറുടെ നിലപാടിനെതിരെ എം.വി. ഗോവിന്ദൻ രൂക്ഷ വിമർശനം ഉന്നയിച്ചത്.

സംസ്ഥാനത്തിന്റെ പ്രഥമ പൗരൻ തന്നെ, ഭരണഘടനാ വിരുദ്ധമായ വിഭജന രാഷ്ട്രീയത്തിന്റെ വക്താവായ ആർ.എസ്.എസ്.-ന്റെ വക്കാലത്ത് രംഗത്തെത്തുന്നത് അപലപനീയവും പ്രതിഷേധാർഹവും ആണെന്ന് ഗോവിന്ദൻ പറഞ്ഞു. ഇത് മതനിരപേക്ഷതയ്‌ക്കെതിരെയല്ലാതെ ഭരണഘടനയ്‌ക്കുതന്നെയാണ് വെല്ലുവിളി ഉയർത്തുന്നതെന്നും, അതിനെതിരെ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധം ഉയരണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംഘപരിവാറിന്റെ പുതിയ വാദം പ്രകാരം, നരേന്ദ്ര മോദി അധികാരത്തിലെത്തിയതിന് ശേഷമാണ് ‘യഥാർത്ഥ സ്വാതന്ത്ര്യം’ ലഭിച്ചതെന്ന് ഗോവിന്ദൻ പരാമർശിച്ചു. എന്നാൽ, ഹിന്ദുത്വരാഷ്ട്രവാദികൾക്ക് അവരുടെ ഇഷ്ടാനുസരണം ആൾക്കൂട്ടക്കൊലകൾ നടത്താനും, ‘ബുൾഡോസർ രാജ്’ നടപ്പാക്കാനും, ക്രിസ്ത്യാനികളുള്‍പ്പെടെ ന്യൂനപക്ഷങ്ങളെ വേട്ടയാടാനും സ്വാതന്ത്ര്യം ലഭിച്ചത് മോദി അധികാരത്തിൽ വന്നതിന് ശേഷമാണെങ്കിൽ, അത് സത്യമാണെന്ന് അദ്ദേഹം പരിഹസിച്ചു.

ദ്വിരാഷ്ട്രവാദത്തിന്റെ ആശയം ജിന്ന മുന്നോട്ടുവെക്കുന്നതിന് മുമ്പ് തന്നെ, 1923-ൽ സവർക്കർ രചിച്ച ആരാണ് ഹിന്ദു അഥവാ ഹിന്ദുത്വ എന്ന ഗ്രന്ഥത്തിലാണ് ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും പ്രത്യേക രാഷ്ട്രം വേണമെന്ന നിലപാട് അവതരിപ്പിച്ചതെന്ന് ഗോവിന്ദൻ ഓർമ്മിപ്പിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രത്തിലെ ഏറ്റവും കറുത്ത അധ്യായമായ വിഭജനവും, അതോടൊപ്പം ഉണ്ടായ ക്രൂരമായ വർഗീയ കലാപങ്ങളും കൂട്ടക്കൊലകളും, ഇന്ന് വീണ്ടും ജ്വലിപ്പിച്ച് രാജ്യത്തെ വർഗീയ അന്ധതയിലേക്ക് നയിക്കാനാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ശ്രമം. ഗവർണർ അതിന് ചൂട്ടുപിടിക്കുന്നുവെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.

Tag: M.V. Govindan says observing ‘Partition Fear Remembrance Day’ is an attempt to diminish its splendor and historical significance

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button