സിദ്ദിഖ് കാപ്പന്‍റെ മനുഷ്യാവകാശം സംരക്ഷിക്കാന്‍ യോഗി സര്‍ക്കാര്‍ തയ്യാറാവണം: എംഎ ബേബി
കൊല്ലം: ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ തടവില്‍ കഴിയുന്ന സിദ്ദിഖ് കാപ്പന്‍റെ മനുഷ്യാവകാശം സംരക്ഷിക്കാന്‍ ബിജെപി സര്‍ക്കാര്‍ തയ്യാറാവണം. തികച്ചും മനുഷ്യത്വഹീനമായാണ് സിദ്ദിഖ് കാപ്പനോട് യുപി പോലിസ് പെരുമാറുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. വ്യക്തമായ ഒരു തെളിവും ഇല്ലാതെയാണ് യുഎപിഎ പ്രകാരം സിദ്ദിഖിനെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ വിചാരണ ഇല്ലാതെ തടവില്‍ ഇട്ടിരിക്കുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലാത്ത മഹാമാരിയെ ആണ് നാം നേരിടുന്നത്. ഈ വേളയില്‍ വ്യക്തമായ തെളിവില്ലാതെ പോലീസിന്റെ ആരോപണം മാത്രം വച്ച് ഒരു പത്രപ്രവര്‍ത്തകനെ ഇങ്ങനെ തടവില്‍ ഇട്ടിരിക്കുന്നത് എല്ലാ ജനാധിപത്യ മൂല്യങ്ങളും ഇന്ത്യയില്‍ തകര്‍ന്നു വീഴുന്നു എന്നതിന് തെളിവാണ്.
സിദ്ദിഖ് കാപ്പന്‍റെ മനുഷ്യാവകാശത്തിനായി ശബ്ദം ഉയര്‍ത്താന്‍ എല്ലാ ജനാധിപത്യവാദികള്‍ക്കും ഉത്തരവാദിത്വം ഉണ്ട്. ഈ യുവാവ് കുറ്റവാളി ആണോ അല്ലയോ എന്ന് കോടതിയാണ് തീരുമാനിക്കേണ്ടത്. പക്ഷേ, ഈ മഹാമാരിക്കാലത്ത് ഇങ്ങനെ തടവില്‍ ഇട്ടിരിക്കുന്നത് കോടതിയുടെ തീരുമാനം ചിലപ്പോള്‍ അപ്രസക്തമാക്കും. ആയതിനാല്‍ സിദ്ദിഖ് കാപ്പന് ജാമ്യം നല്കുന്നതിന് യുപി സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.