ഹെലികോപ്റ്റര്‍ അപകടത്തില്‍ പരിക്ക് പറ്റിയ എം എ യൂസഫലിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി
അബുദാബി: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി ശസ്ത്രക്രിയക്ക് വിധേയനായി. അബുദാബിയിലെ ബുര്‍ജില്‍ ആശുപത്രിയില്‍ വെച്ചാണ് യൂസഫലിയുടെ നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയത്. ജര്‍മനിയില്‍ നിന്നുള്ള പ്രശസ്ത ന്യൂറോ സര്‍ജന്‍ ഡോ. ഷാവാര്‍ബിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് ചികിത്സക്ക് നടത്തുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും സുഖം പ്രാപിക്കുന്നതായും ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ വി നന്ദകുമാര്‍ അറിയിച്ചു.
യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലിക്കോപ്ടര്‍ കഴിഞ്ഞ ഞായറാഴ്ച അപകടത്തില്‍ പെട്ടിരുന്നു. പനങ്ങാട്ടെ ചതുപ്പ് നിലത്തേക്ക് ഹെലിക്കോപ്ടര്‍ ഇടിച്ച് ഇറങ്ങുകയായിരുന്നു. തുടര്‍ന്ന് അബുദാബി രാജകുടുംബം അയച്ച പ്രത്യേക വിമാനത്തിലാണ് യൂസഫ് അലി ബുര്‍ജില്‍ ആശുപത്രിയിലെത്തിയത്. യുഎഇലെ വിവിധ ഭരണാധികാരികള്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ നേരിട്ട് വിളിച്ച് സുഖവിവരങ്ങള്‍ അന്വേഷിച്ചു.