മധുവിനെ മര്‍ദിച്ചുകൊന്നയാള്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി
മണ്ണാര്‍ക്കാട്: ഏകദേശം നാലുവര്‍ഷം മുന്‍പ് മോഷണക്കുറ്റം ആരോപിച്ച് മധു എന്ന ആദിവാസി യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ മൂന്നാം പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയാക്കി സിപിഎം. അട്ടപ്പാടി അഗളി മുക്കാലി ബ്രാഞ്ച് സെക്രട്ടറിയായാണ് പ്രതി പി.എം. ഷംസുദീനെ പാര്‍ട്ടി നിയോഗിച്ചത്.
സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടക്കുന്ന കീഴ്ക്കമ്മിറ്റി സമ്മേളനങ്ങള്‍ കേരളമൊട്ടാകെ നടക്കുകയാണ്. മുക്കാലിയില്‍ നടന്ന സമ്മേളനത്തിലാണ് ഷംസുദീനെ ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തത്. മധുവിന്റെ കൊലപാതകം സംബന്ധിച്ച കേസ് മണ്ണാര്‍ക്കാട് എസ്‌സിഎസ്ടി കോടതിയില്‍ നടന്നുവരികയാണ്. പ്രതിയായി സംശയിക്കുന്നയാളെ കോടതി കുറ്റവിമുക്തനാക്കിയിട്ടില്ല.
2018 ഫെബ്രുവരി 22നായിരുന്നു മധുവിനെ മോഷണക്കുറ്റം ചുമത്തി 16 പേര്‍ ചേര്‍ന്ന് മര്‍ദിച്ചു കൊലപ്പെടുത്തിയത്. പ്രതികള്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. ഷംസുദീനെ സെക്രട്ടറിയാക്കിയതില്‍ ഒരു വിഭാഗം എതിര്‍പ്പുമായി രംഗത്തെത്തിയെങ്കിലും ബ്രാഞ്ച് സെക്രട്ടറിയുടെ ചുമതലയുള്ള വി.കെ. ജെയിംസ് അക്കാര്യം പരിഗണിച്ചില്ല.
തുടര്‍ന്ന് പ്രതിഷേധം അതിരുകടക്കുമെന്ന അവസ്ഥ എത്തിയപ്പോഴാണ് ഏരിയ സെക്രട്ടറി സി.പി. ബാബു ഇടപെട്ട് ഷംസുദീനെ മാറ്റാന്‍ തീരുമാനമായത്. ഷംസുദീന് പകരം സി. ഹരീഷിനെ സെക്രട്ടറിയാക്കി പ്രതിഷേധം ഒഴിവാക്കി. ഒരു കൊലപാതക കേസിലെങ്കിലും പ്രതിയായാല്‍ മാത്രമേ പാര്‍ട്ടിയുടെ ഏതെങ്കിലും ഒരു സെക്രട്ടറിയാവാന്‍ കഴിയൂ എന്ന അവസ്ഥായാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.